Tragedy | കണ്ണൂര്‍ എഡിഎം നവീന്‍ ബാബു മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ക്വാര്‍ട്ടേഴ്‌സില്‍


● യാത്രയയപ്പിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപിച്ചിരുന്നു.
● അപമാനത്തില്‍ മനംനൊന്ത് ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം.
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ (Naveen Babu) മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്നിലെ താമസസ്ഥലത്തെ ക്വാര്‍ട്ടേഴ്‌സിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിനെതിരെ തിങ്കളാഴ്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ നേരിട്ട അപമാനത്തില്‍ മനംനൊന്ത് ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം.
കണ്ണൂരില്‍ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ച അദ്ദേഹം തിങ്കളാഴ്ചത്തെ യാത്രയയപ്പ് കഴിഞ്ഞ് രാത്രി മലബാര്‍ എക്സ്പ്രസില്‍ കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലത്തെ ട്രെയിനില്‍ കയറിയില്ലെന്ന് കണ്ട് ബന്ധുക്കള്‍ കണ്ണൂരില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് താമസസ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
എഡിഎം നവീന്‍ ബാബുവിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിങ്കളാഴ്ചയാണ് അഴിമതി ആരോപണം നടത്തിയത്. തിങ്കളാഴ്ച എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിക്കാതെയെത്തിയ പിപി ദിവ്യ അഴിമതിയാരോപിക്കുകയായിരുന്നു. താന്‍ ശിപാര്‍ശ ചെയ്തിട്ടും നടക്കാത്ത കാര്യം പിന്നീട് മറ്റൊരാളുടെ ശിപാര്‍ശയില്‍ നടന്നതില്‍ ഉണ്ടായിരുന്ന എതിര്‍പ്പാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാണിച്ചതെന്നാണ് വിമര്‍ശനം.
ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ അഴിമതി നടത്തിയെന്നായിരുന്നു പി പി ദിവ്യയുടെ ആരോപണം. നവീന്‍ ബാബു ഇനി പോകുന്ന സ്ഥലത്ത് ഇങ്ങനെ പ്രവര്‍ത്തിക്കരുതെന്നും, ഉപഹാരം നല്‍കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞ് അവര്‍ ഉടന്‍ വേദി വിടുകയും ചെയ്തു.
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കാസര്‍കോട് നിന്നാണ് കണ്ണൂരിലേക്ക് എഡിഎം ആയി നവീന്‍ ബാബു എത്തിയത്. ഭാര്യ മഞ്ജുഷ കോന്നി തഹസില്‍ദാരാണ്. രണ്ട് പെണ്‍മക്കളാണുള്ളത്.
#NaveenBabu #KannurADM #death #suicide #corruption #Kerala #India #districtpanchayat