Encounter | ജമ്മു കശ്മീരിലെ കത്വയില്‍ ഏറ്റുമുട്ടലില്‍ 2 ഭീകരരെ വധിച്ചതായി സുരക്ഷാ സേന; പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു
● കോഗ് മണ്ഡലി ഗ്രാമത്തില്‍ വച്ചായിരുന്നു സംഭവം.
● സുരക്ഷാ സേനകള്‍ സംയുക്തമായി തിരച്ചില്‍ ആരംഭിച്ചു.
● ഒരു എഎസ്‌ഐക്ക് വെടിയേറ്റ് പരുക്ക്.
ശ്രീനഗര്‍: (KVARTHA) ജമ്മു കശ്മീരിലെ കത്വയിലെ (Kathua) കോഗ് (Kog) ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ചതായി സുരക്ഷാ സേന. ഏറ്റുമുട്ടലിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. ജമ്മു കശ്മീര്‍ പോലീസ് സേനയിലെ ഹെഡ് കോണ്‍സ്റ്റബിള്‍ എച് സി ബഷീര്‍ അഹമ്മദാണ് (HC Bashir Ahmed) കൊല്ലപ്പെട്ടത്.
ശനിയാഴ്ച വൈകിട്ടായിരുന്നു ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ പോലീസ് സേനയിലെ ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ക്ക് പരുക്കേറ്റതായും അധികൃതര്‍ അറിയിച്ചു. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്ത് സുരക്ഷാ സേനകള്‍ സംയുക്തമായി തിരച്ചില്‍ ആരംഭിച്ചു.
കത്വ ജില്ലയിലെ കോഗ് മണ്ഡലി ഗ്രാമത്തില്‍ വച്ചായിരുന്നു സംഭവം. ഗ്രാമത്തിലെ ഒരു വീടിനുള്ളില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് സുരക്ഷാ സേന മേഖലയില്‍ എത്തിയത്. തുടര്‍ന്ന് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ വെടിവയ്പ്പുണ്ടാകുകയായിരുന്നുവെന്നാണ് വിവരം.
ബില്ലവാര്‍ പൊലീസ് സ്റ്റേഷന്റെ അധികാരപരിധിയിലുള്ള കോഗ് ഗ്രാമത്തില്‍ (മണ്ഡ്‌ലി) നടന്ന ഏറ്റുമുട്ടലില്‍, പോലീസ് ഉദ്യോഗസ്ഥന്‍ എച് സി ബഷീര്‍ അഹമ്മദ് തന്റെ ജീവന്‍ ബലിയര്‍പ്പിച്ചതായും ഒരു എഎസ്‌ഐക്ക് വെടിയേറ്റ് പരുക്കുണ്ടെന്നും കൂടുതല്‍ വിശദാംശങ്ങള്‍ കാത്തിരിക്കുന്നതായും ജമ്മു എഡിജിപി ആനന്ദ് ജയിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
#Kashmir #encounter #terrorist #police #India #securityforces #RIP