NOTA | മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രണ്ടാം സ്ഥാനത്ത് നോട; പെട്ടിയില്‍ വീണത് 2.18 ലക്ഷം വോടുകള്‍
മൂന്നാം സ്ഥാനത്ത് ബിഎസ്പിയുടെ സഞ്ജയ് ലക്ഷ്മണ്‍ സോളങ്കി.
നോടയ്ക്ക് വോട് ചെയ്യാന്‍ കോണ്‍ഗ്രസ് ജനങ്ങളോട് അഭ്യര്‍ഥിക്കുകയായിരുന്നു.
ജനങ്ങള്‍ ഉചിതമായ മറുപടിയാണ് നല്‍കിയതെന്ന് ജിതു പട്വാരി.
ഇന്‍ഡോര്‍: (KVARTHA) 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത് നോട (NOTA-None of the Above). 2,18,674 വോടുകളാണ് നോടയ്ക്ക് വീണത്. മണ്ഡലത്തില്‍ 1008077 വോടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ഥി ഷങ്കര്‍ ലാല്‍വാനിയാണ് വിജയം നേടിയത്. 11,60,627 വോടുകളാണ് വിജയം നേടിയ ഷങ്കര്‍ ലാല്‍വാനി നേടിയത്. മൂന്നാം സ്ഥാനത്ത് ബിഎസ്പിയുടെ സഞ്ജയ് ലക്ഷ്മണ്‍ സോളങ്കിയാണ്.
ജനാധിപത്യത്തെ അട്ടിമറിക്കാന്‍ പണവും ആളുകളെയും ഉപയോഗിച്ച ബിജെപിക്ക് ജനങ്ങള്‍ ഉചിതമായ മറുപടിയാണ് നല്‍കിയതെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജിതു പട്വാരി പറഞ്ഞു. നോടയെ പിന്തുണച്ചതിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
ഇന്‍ഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട അക്ഷയ് കാന്തി ബാം ഏപ്രില്‍ 29 ന് ഇന്‍ഡോര്‍ ജില്ലാ കളക്ടറുടെ ഓഫീസിലെത്തി നാമനിര്‍ദേശ പത്രിക പിന്‍വലിച്ചിരുന്നു. ബിജെപി മന്ത്രി കൈലാഷ് വിജയവര്‍ഗിയ, നിയമസഭാംഗം രമേഷ് മെന്‍ഡോള എന്നിവര്‍ക്കൊപ്പമാണ് ഇന്‍ഡോര്‍ ജില്ലാ കളക്ടറുടെ ഓഫീസിലെത്തിയത്. ഇതോടെ നോടയ്ക്ക് വോട് ചെയ്യാന്‍ കോണ്‍ഗ്രസ് ജനങ്ങളോട് അഭ്യര്‍ഥിക്കുകയായിരുന്നു. കോണ്‍ഗ്രസ് പിന്നീട് പ്രചാരണം നടത്തിയതും നോടയ്ക്ക് വോട് ചെയ്യാനായിരുന്നു.