Fraud | യുവത്വം തിരിച്ച് പിടിക്കാന്‍ 'ഇസ്രായേല്‍ ടൈം മെഷീന്‍' വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 35 കോടി രൂപ കൈക്കലാക്കിയതായി പരാതി; ദമ്പതികള്‍ക്കായി തിരച്ചില്‍


● 60 കാരനെ 25 കാരനാക്കാമെന്നായിരുന്നു വിശ്വസിപ്പിച്ചത്.
● ഓക്‌സിജന്‍ തെറാപ്പിയിലൂടെ ഇത് സാധ്യമാണെന്നും വാദം.
● മലിനവായു ആളുകളുടെ പ്രായം വേഗത്തില്‍ വര്‍ദ്ധിപ്പിക്കുന്നു.
കാണ്‍പൂര്‍: (KVARTHA) യുവത്വം തിരിച്ച് പിടിച്ച് സുന്ദരമാരും സുന്ദരികളുമായി തുടരാമെന്ന വിചിത്ര ആഗ്രഹങ്ങള്‍ കൊണ്ടുനടക്കുന്നവരെ അതിവിദഗ്ധമായി പറ്റിച്ച് ദമ്പതികള്‍. ഇസ്രായേല്‍ നിര്‍മിത 'ടൈം മെഷീനിലൂടെ' ചെറുപ്പം തിരിച്ചുപിടിച്ച് പ്രായം കുറയ്ക്കാമെന്ന വ്യാജവാദം പ്രചരിപ്പിച്ച് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ (Kanpur) വന്‍ തട്ടിപ്പ് നടത്തിയതായി പരാതി. രാജീവ് കുമാര്‍ ദുബെ (Rajeev Kumar Dubey), ഭാര്യ രശ്മി ദുബെ (Rashmi Dubey) എന്നീ ദമ്പതികള്‍ ചേര്‍ന്ന് പലരില്‍നിന്നും 35 കോടി രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.
പോലീസ് പറയുന്നത്: കാണ്‍പൂരിലെ കിദ്വൈ നഗറില്‍ 'റിവൈവല്‍ വേള്‍ഡ്' എന്ന പേരില്‍ തെറാപ്പി സെന്റര്‍ തുടങ്ങിയ ദമ്പതികള്‍, ഇസ്രായേല്‍ നിന്ന് ഇറക്കുമതി ചെയ്ത ടൈം മെഷീന്‍ ഉണ്ടെന്നും ഇത് ഉപയോഗിച്ച് 60 കാരനെ 25 കാരനാക്കാമെന്നായിരുന്നു വാദം. ഓക്‌സിജന്‍ തെറാപ്പിയിലൂടെ ഇത് സാധ്യമാണെന്നും ഇവര്‍ വാദിച്ചു.
പ്രദേശത്തെ മലിനവായു കാരണം ആളുകള്‍ക്ക് പ്രായം വേഗത്തില്‍ വര്‍ദ്ധിക്കുന്നുവെന്നും, ഈ തെറാപ്പിയിലൂടെ മാസങ്ങള്‍ക്കുള്ളില്‍ യൗവനത്തിലേക്ക് മടങ്ങിപ്പോകാം എന്നുമായിരുന്നു ഇവരുടെ വാദം. 10 സെഷനുകള്‍ക്ക് 6000 രൂപയും, 3 വര്‍ഷത്തെ പ്രത്യേക പാക്കേജിന് 90,000 രൂപയുമാണ് ഇവര്‍ ഈടാക്കിയിരുന്നത്.
ഇത്തരത്തില്‍ തന്റെ കയ്യില്‍ നിന്ന് 10.75 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തുവെന്ന് ഒരു പരാതിക്കാരി പറഞ്ഞു. നൂറുകണക്കിന് പേരില്‍ നിന്ന് 35 കോടി രൂപയിലധികം ഇവര്‍ തട്ടിയെടുത്തതായാണ് നിഗമനം. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദമ്പതികള്‍ ഒളിവിലാണെന്നും വിദേശത്തേക്ക് കടന്നിരിക്കാമെന്നും സംശയിക്കുന്നതായി പോലീസ് കൂട്ടിച്ചേര്‍ത്തു.
#timescam, #agereversal, #healthfraud, #kanpur, #india, #israelscam