Arrest | വളപട്ടണം കവര്‍ച്ച: പ്രതിയെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്; കോടതിയില്‍ അപേക്ഷ നല്‍കി
● ഒരാഴ്ചയ്ക്കുള്ളില്‍ പ്രതിയെ വിട്ടുകിട്ടുമെന്ന് പ്രതീക്ഷ.
● വേറെ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണം.
● ബാക്കി മോഷണമുതലും കണ്ടെത്തണം.
വളപട്ടണം: (KVARTHA) മന്നയിലെ അരി മൊത്തവ്യാപാരി കെ പി അഷ്‌റഫിന്റെ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ അറസ്റ്റിലായ അയല്‍വാസി സി പി ലിജേഷിനെ (45) കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്‍കി. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമാണ് പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ലിജേഷ് കണ്ണൂര്‍ ജില്ലയില്‍ മറ്റെവിടെയെങ്കിലും മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇതുകൂടാതെ അഷ്‌റഫിന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ച പണവും വേറെ എവിടെയെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. എസ് പി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് ഒരാഴ്ചയ്ക്കുള്ളില്‍ പ്രതിയെ പിടികൂടിയത്. വെല്‍ഡിങ് തൊഴിലാളിയായ ലിജേഷ് വീടിന്റെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ പ്രത്യേക അറയുണ്ടാക്കിയായിരുന്നു മോഷ്ടിച്ച സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്നത്. 1,23,43,000 രൂപയും 267 പവന്‍ സ്വര്‍ണവും ഇവിടെ നിന്നും പിടികൂടിയിട്ടുണ്ട്. 300 പവനും ഒരു കോടി രൂപയും കാണാതായെന്നായിരുന്നു അഷ്‌റഫിന്റെ മകന്‍ വളപട്ടണം പൊലീസില്‍ പരാതി നല്‍കിയത്.
സി.സി.ടി.വി ദൃശ്യങ്ങളും വിരലടയാളങ്ങളും ടവര്‍ ലൊക്കെഷനുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. നവംബര്‍ 20ന് രാത്രി എട്ടുമണിക്കാണ് ലിജേഷ് കവര്‍ച്ച നടത്താന്‍ അഷ്‌റഫിന്റെ വീടിനുള്ളിലേക്ക് കയറിയത്. 8.45ന് കവര്‍ച്ച നടത്തി തിരിച്ചിറങ്ങി. ഇതിനിടെ ലോക്കര്‍ തകര്‍ക്കാന്‍ ഉപയോഗിച്ച ഉളി അവിടെ വെച്ച് ലിജേഷ് മറന്നിരുന്നു. തുടര്‍ന്ന് 21 ന് രാത്രിയില്‍ ഇതേ സമയത്ത് വീണ്ടും അവിടെ കയറിയെങ്കിലും ഉളി കണ്ടെത്താനായില്ല. എന്നാല്‍ ഉളിയെടുക്കാന്‍ മാത്രമല്ല ബാക്കി മോഷണവസ്തുക്കള്‍ കൂടിയെടുക്കാനാണ് വീണ്ടും അഷ്‌റഫിന്റെ വീട്ടില്‍ കയറിയതെന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്.
അഷ്‌റഫും കുടുംബവും മധുരയിലെ വിരുത് നഗറില്‍ സുഹൃത്തിന്റെ വീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നവംബര്‍ 19ന് രാവിലെ വിട് പൂട്ടി പോയതായിരുന്നു. 24 ന് രാത്രി തിരിച്ചെത്തിയപ്പോഴാണ് വീട്ടിന്റെ ജനല്‍ തകര്‍ത്ത് അകത്തു കയറിയ മോഷ്ടാവ് ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും മോഷണം പോയതായി അറിയുന്നത്. 2023 ല്‍ കീച്ചേരിയിലെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ലിജീഷ് പതിനൊന്നര പവന്‍ കവര്‍ന്നിരുന്നു. വളപട്ടണം മന്നയില്‍ നിന്നും ലഭിച്ച വിരലടയാളവും കീച്ചേരിയിലെ വീട്ടില്‍ നിന്നും ലഭിച്ച വിരലടയാളങ്ങളും ഒന്നുതന്നെയാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു. മറ്റു കവര്‍ച്ചാ കേസുകളില്‍ പ്രതിക്ക് പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിച്ചു വരികയാണ്.
#Valapattanam #robbery #arrest #Kerala #crime #investigation