രണ്ട് പാലങ്ങൾ, ഒരേ ഉദ്യോഗസ്ഥൻ; തോരായിക്കടവ് പാലം തകർന്നതിന് പിന്നിൽ കൂളിമാട് പാലം പണിത ഉദ്യോഗസ്ഥനെന്ന് ആരോപണം


● 18 മാസത്തിനുള്ളിൽ പൂർത്തിയാക്കേണ്ട പാലം.
● പാലം പണിയിൽ ഉദ്യോഗസ്ഥ മേൽനോട്ടമില്ലെന്ന് ആരോപണം.
● മന്ത്രി മുഹമ്മദ് റിയാസ് അന്വേഷണം പ്രഖ്യാപിച്ചു.
കോഴിക്കോട്: (KVARTHA) കൊയിലാണ്ടിയിലെ തോരായിക്കടവ് പാലം തകർന്ന സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. 2022-ൽ തകർന്ന കൂളിമാട് പാലത്തിൻ്റെ നിർമാണത്തിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥൻ തന്നെയാണ് തോരായിക്കടവ് പാലത്തിൻ്റെ നിർമാണത്തിനും മേൽനോട്ടം വഹിച്ചതെന്നാണ് പുതിയ ആരോപണം. ഇതോടെ രണ്ട് പാലങ്ങളുടെയും നിർമാണച്ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ആരോപണ നിഴലിലായി.

24 കോടി രൂപ ചെലവിൽ കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന തോരായിക്കടവിൽ നിർമിക്കുന്ന പുതിയ പാലത്തിൻ്റെ ബീമാണ് തകർന്ന് പുഴയിലേക്ക് വീണത്. പി.എം.ആർ. ഗ്രൂപ്പാണ് പാലത്തിൻ്റെ നിർമാണക്കരാർ ഏറ്റെടുത്തിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിലാണ് നിർമാണം നടക്കുന്നത്. എന്നാൽ, നിർമാണത്തിന് വേണ്ടത്ര ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കൂളിമാട് പാലം തകർന്നപ്പോൾ അന്നത്തെ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒഴികെ മറ്റ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഈ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. ഈ ഉദ്യോഗസ്ഥനാണ് നിലവിൽ തോരായിക്കടവ് പാലത്തിൻ്റെ എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നുള്ളതാണ് ആരോപണങ്ങൾക്ക് ആക്കം കൂട്ടുന്നത്.
അതേസമയം, പാലം തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. പാലം നിർമാണം വൈകരുതെന്നും മന്ത്രി നിർദേശിച്ചു. 18 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പറഞ്ഞ പാലത്തിൻ്റെ നിർമാണോദ്ഘാടനം 2023 ജൂലൈയിലായിരുന്നു. എന്നാൽ, രണ്ട് വർഷമായിട്ടും 65 ശതമാനം പണി മാത്രമാണ് പൂർത്തിയായത്.
ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: An official who supervised the collapsed Koorimad bridge is alleged to have also overseen the broken Thorayikkadavu bridge in Kozhikode.
#Kozhikode #BridgeCollapse #KeralaInfrastructure #Corruption #PMRGroup #MohammedRiyas