KSEB Attack | 'വീട്ടിലുണ്ടായിരുന്ന പഴയ കറി എടുത്ത് ഞാന്‍ തലയില്‍ ഒഴിച്ചു, വേറെ ഒന്നും ചെയ്തില്ല'; കെഎസ്ഇബി ഓഫീസില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് യുവാവ്


വിച്ഛേദിച്ച വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി.
വിഷയത്തില്‍ കെഎസ്ഇബിക്കെതിരെ മനുഷ്യാവകാശ കമീഷന് പരാതി നല്‍കിയിരുന്നു.
കോഴിക്കോട്: (KVARTHA) തിരുവമ്പാടിയില്‍ (Thiruvambady) കെഎസ്ഇബി ഓഫിസ് ആക്രമിച്ചതിന്റെ (KSEB Attack ) പേരില്‍ വീട്ടിലെ വൈദ്യുതി (Electricity) കണക്ഷന്‍ വിച്ഛേദിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ആരോപണങ്ങള്‍ (Allegations) തെറ്റാണെന്ന് പ്രതിയായ അജ്മല്‍. അജ്മലിന്റെ പിതാവ് റസാഖിന്റെ പേരിലുള്ളതാണ് വൈദ്യുതി കണക്ഷന്‍. വൈദ്യുതി ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് റസാഖിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.
ഓണ്‍ലൈനായി ബില്‍ അടച്ച റസാഖിന്റെ മകന്‍ അജ്മല്‍ ഉടന്‍ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വെള്ളിയാഴ്ചയാണ് ജീവനക്കാര്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ എത്തിയത്. ഇതുമായി ബന്ധപ്പെട്ട് അജ്മലും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായി. സംഭവത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ പൊലീസില്‍ പരാതിയും നല്‍കി.
പൊലീസ് കേസെടുത്തതില്‍ പ്രകോപിതനായ അജ്മല്‍ ശനിയാഴ്ച രാവിലെ സഹോദരനൊപ്പം കെഎസ്ഇബി ഓഫിസിലെത്തി ആക്രമണം അഴിച്ചുവിട്ടുവെന്നാണ് പരാതി. ഓഫിസിലെ കംപ്യൂടറുകളും ഉപകരണങ്ങളും തകര്‍ത്ത് ജീവനക്കാരുടെ ദേഹത്ത് ഭക്ഷണ സാധനങ്ങളുടെ മാലിന്യവും ഒഴിച്ചെന്ന് പരാതിയില്‍ പറയുന്നു. അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉള്‍പെടെ ചില ജീവനക്കാര്‍ക്ക് പരുക്കേറ്റതായും പരാതി ഉണ്ട്. ആക്രമണത്തിന് പിന്നാലെയാണ് ബോര്‍ഡ് ചെയര്‍മാന്‍ വൈദ്യുതി ബന്ധം വീണ്ടും വിച്ഛേദിക്കാന്‍ ഉത്തരവിട്ടത്.
തുടര്‍ന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ പേരില്‍ അജ്മലിനും സഹോദരനുമെതിരെ കേസെടുത്തിരുന്നു. വീട്ടിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. കെഎസ്ഇബിക്ക് ഉണ്ടായ നഷ്ടം നികത്തിയാല്‍ മാത്രമേ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കൂവെന്നാണ് കെഎസ്ഇബി നിലപാട്.
എന്നാല്‍ അധിക വൈദ്യുതിബില്‍ വന്നതിന്റെ പേരിലാണ് പ്രതിഷേധിച്ചതെന്നും വീട്ടിലുണ്ടായിരുന്ന പഴയ കറി എടുത്ത് തലയില്‍ ഒഴിച്ചുവെന്നും ബാക്കിയെല്ലാം ഉദ്യോഗസ്ഥര്‍ ഉണ്ടാക്കി പറയുന്നതാണെന്നും യുവാവ് പറഞ്ഞു. കെഎസ്ഇബിക്കാര്‍ സ്വന്തമായാണ് ഓഫീസ് തല്ലിപൊളിച്ചതെന്നും കൂടെ ഉണ്ടായിരുന്ന അനിയന് മര്‍ദനമേറ്റതായും അജ്മല്‍ പറയുന്നു.
പ്രതിഷേധത്തിനിടെ 64 വയസുകാരനായ റസാഖ് കുഴഞ്ഞുവീണു. ഇദ്ദേഹത്തെ തിരുവമ്പാടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ട്രോക് വന്നിട്ടുണ്ടെങ്കിലും നിലവില്‍ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ല. കെഎസ്ഇബി പകതീര്‍ക്കുകയാണെന്ന് റസാഖും ഭാര്യയും പറഞ്ഞു. മകന്‍ ചെയ്ത തെറ്റിന് വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത് എന്തിനാണെന്നും ഇവര്‍ ചോദിക്കുന്നു.
വിഷയത്തില്‍ കെഎസ്ഇബിക്കെതിരെ തിരുവമ്പാടി സ്വദേശി സെയ്തലവി മനുഷ്യാവകാശ കമീഷന് പരാതി നല്‍കിയിരുന്നു. റസാഖിന്റെ വീട്ടിലേക്ക് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാണ് പരാതിയിലെ ആവശ്യം. നിത്യരോഗിയായ റസാഖിനോട് കെഎസ്ഇബി കാണിച്ചത് മനുഷ്യാവകാശ ലംഘനമെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
അതിനിടെ നേരത്തെ കെഎസ്ഇബിയെ ന്യായീകരിച്ച മന്ത്രി ഇപ്പോള്‍ നിലപാട് തിരുത്തിയിരിക്കുകയാണ്. കെഎസ്ഇബി ഓഫീസില്‍ ആക്രമണം നടത്തിയതിന്റെ പേരില്‍ വിച്ഛേദിച്ച വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇതിനുള്ള നിര്‍ദേശം ചെയര്‍മാനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നല്‍കി. വൈദ്യുതി പുനഃസ്ഥാപിക്കാനെത്തുമ്പോള്‍ ജീവനക്കാരെ ആക്രമിക്കില്ലെന്ന് ഉറപ്പ് വരുത്തുമെന്നും ഇതിനായി പൊലീസിന്റെ ഉറപ്പ് കിട്ടിയാല്‍ ഞായറാഴ്ച (07.07.2024) തന്നെ വൈദ്യുതി പുനഃസ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ഇബി എംഡിയെ ന്യായീകരിച്ചും പിന്തുണച്ചുമാണ് നേരത്തെ വൈദ്യുതി മന്ത്രി രംഗത്തെത്തിയത്.