Shaun George | 'എക്‌സാലോജികിന് വിദേശത്തും ബാങ്ക് അകൗണ്ട് ഉണ്ട്'; വീണ വിജയനും എം സുനീഷുമാണ് ഉടമകളെന്ന് ആരോപണങ്ങളുമായി ഷോണ്‍ ജോര്‍ജ്
എസ് എന്‍ സി ലാവ്‌ലിന്‍, പി ഡബ്ല്യു സി എന്നീ കംപനികള്‍ പണം നല്‍കി.
'വീണ വിജയന്റെ ആദായ നികുതി റിടേണില്‍ ഈ അകൗണ്ട് വിവരങ്ങള്‍ ഇല്ലെങ്കില്‍ അത് കുറ്റകരം'.
മാത്യു കുഴല്‍നാടന്റെ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി.
കൊച്ചി: (KVARTHA) കരിമണല്‍ കംപനിയായ സിഎംആര്‍എല്‍ ഉള്‍പെട്ട പണമിടപാട് കേസില്‍ കൂടുതല്‍ ശക്തമായ ആരോപണങ്ങളുമായി പരാതികാരില്‍ ഒരാളായ ബിജെപി നേതാവ് അഡ്വ. ഷോണ്‍ ജോര്‍ജ് രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജികിന് വിദേശത്തും അകൗണ്ട് ഉണ്ടെന്ന ആരോപം ആവര്‍ത്തിക്കുകയാണ് ഷോണ്‍ ജോര്‍ജ്.
എക്‌സാലോജികിന് അബൂദബി കൊമേഷ്യല്‍ ബാങ്കില്‍ അകൗണ്ട് ഉണ്ടെന്നാണ് ഷോണ്‍ ജോര്‍ജ് ആരോപിക്കുന്നത്. ഈ അകൗണ്ടിലേക്ക് എസ് എന്‍ സി ലാവ്‌ലിന്‍, പി ഡബ്ല്യു സി എന്നീ കംപനികള്‍ പണം നല്‍കിയെന്നാണ് ഷോണിന്റെ ആരോപണം. അകൗണ്ടിലേക്ക് കോടികള്‍ എത്തിയെന്നും ഇതിനെ കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് ഹൈകോടതിയില്‍ ഉപഹര്‍ജി നല്‍കിയിട്ടുണ്ട്.
വീണാ തായ്ക്കണ്ടിയില്‍, എം സുനീഷ് എന്നിവരാണ് 2016 മുതല്‍ 2019 വരെ ഈ അകൗണ്ട് ഓപറേറ്റ് ചെയ്തിരുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതുവഴി വലിയ തുക അമേരികയിലെ വിവിധ അകൗണ്ടുകളിലേക്ക് ഒഴുകിയെന്നും ഷോണ്‍ പറഞ്ഞു. ഈ വിവരങ്ങള്‍ ഏപ്രില്‍ 19ന് ചെന്നൈയിലെ ഇഡി സ്പെഷല്‍ ഡയറക്ടര്‍ക്ക് നല്‍കി. മറ്റൊരാള്‍ നല്‍കിയ വിവരങ്ങളാണിതെന്നും അന്വേഷണത്തിന് ഗുണകരമാകുമെന്ന് കരുതുന്നതിനാലാണ് അധികൃതര്‍ക്ക് സമര്‍പിക്കുന്നതെന്നും ഷോണ്‍ പറഞ്ഞു. വീണ വിജയന്റെ ആദായ നികുതി റിടേണില്‍ ഈ അകൗണ്ട് വിവരങ്ങള്‍ ഇല്ലെങ്കില്‍ അത് കുറ്റകരമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അതേസമയം, എക്‌സാലോജിക്-കരിമണല്‍ കംപനിയായ സി എം ആര്‍ എലും തമ്മിലുള്ള ഇടപാടില്‍ എസ് എഫ് ഐ ഒ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജും എസ് എഫ് ഐ ഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയുള്ള സി എം ആര്‍ എല്ലിന്റെയും ഹര്‍ജികള്‍ വ്യാഴാഴ്ച (30.05.2024) ഹൈകോടതി പരിഗണിക്കും. പരാതിയുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ കോടതിയില്‍ ഷോണ്‍ ജോര്‍ജ് കഴിഞ്ഞ ദിവസം സമര്‍പിച്ചിട്ടുണ്ട്.
അതിനിടെ മാസപ്പടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ കേസെടുക്കണമെന്ന മാത്യു കുഴല്‍നാടന്റെ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. ഏഴ് പേര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന ഹര്‍ജിയാണ് കോടതി തള്ളിയത്.