നീണ്ട കാത്തിരിപ്പിന് വിരാമം; റഹീമിന് 20 വർഷം തടവ്, അടുത്ത വർഷം മോചിതനാകും


● പൊതുഅവകാശ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
● റിയാദ് ക്രിമിനൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
● 2006 നവംബറിലാണ് റഹീം അറസ്റ്റിലായത്.
● വധശിക്ഷ 1.5 കോടി റിയാൽ ദിയാധനത്തിലൂടെ ഒഴിവാക്കി.
● 19 വർഷമായി റഹീം ജയിലിൽ കഴിയുന്നു.
കോഴിക്കോട്: (KVARTHA) സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ വിധിച്ച് റിയാദ് ക്രിമിനൽ കോടതി. റഹീം കേസിൽ നിർണായകമായ വിധിയാണ് തിങ്കളാഴ്ച റിയാദ് ക്രിമിനൽ കോടതിയിൽ സൗദി സമയം രാവിലെ 9:30-ന് നടന്ന സിറ്റിംഗിൽ ഉണ്ടായത്. പൊതുഅവകാശ (പബ്ലിക് റൈറ്റ്സ്) പ്രകാരം 20 വർഷത്തേക്കാണ് തടവുശിക്ഷ വിധിച്ചത്.
ഇതുവരെ അനുഭവിച്ച തടവുകാലം ശിക്ഷയിൽ നിന്ന് കുറവ് ചെയ്യും. ശേഷിച്ച ശിക്ഷാ കാലാവധി പൂർത്തിയാക്കുന്നതോടെ റഹീമിന് ജയിൽ മോചനമുണ്ടാകും. 2026 ഡിസംബറിൽ കേസിന് 20 വർഷം പൂർത്തിയാകും. റിയാദിലെ ഇസ്കാൻ ജയിലിൽ കഴിയുന്ന റഹീമിൻ്റെ തടവുകാലം നിലവിൽ 19-ാം വർഷത്തിലാണ്. ഇതനുസരിച്ച് അടുത്ത വർഷം റഹീമിന് മോചനം ലഭിക്കും.
ഓൺലൈൻ സിറ്റിംഗിൽ ജയിലിൽ നിന്ന് റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധിയും റഹീം കുടുംബത്തിൻ്റെ ഔദ്യോഗിക പ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു. ഈ മാസം അഞ്ചിനായിരുന്നു കഴിഞ്ഞ സിറ്റിംഗ്. ഒറിജിനൽ കേസ് ഡയറി പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന് പറഞ്ഞാണ് അന്ന് കേസ് മാറ്റിവെച്ചത്.
സ്വകാര്യ അവകാശത്തിൻ്റെ അടിസ്ഥാനത്തിൽ വിധിച്ച വധശിക്ഷ 1.5 കോടി റിയാൽ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) ദിയാധനം സ്വീകരിച്ച് വാദി ഭാഗം മാപ്പ് നൽകിയതോടെ ഒമ്പത് മാസം മുമ്പ് ഒഴിവാക്കിയിരുന്നു. എന്നാൽ പബ്ലിക് റൈറ്റ് പ്രകാരം തീർപ്പാവാത്തതാണ് റഹീമിൻ്റെ ജയിൽ മോചനം അനന്തമായി നീളാൻ ഇടയാക്കിയിരുന്നത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 13 സിറ്റിംഗുകളാണ് നടന്നത്.
2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിൻ്റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012-ലാണ് അദ്ദേഹത്തിന് വധശിക്ഷ വിധിച്ചത്.
റഹീം കേസിൻ്റെ ഏറ്റവും പുതിയ വിധി നിങ്ങൾക്കെങ്ങനെ തോന്നുന്നു? അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Abdul Raheem receives 20-year sentence in Saudi, eligible for release next year after royal pardon and blood money payment.
#RaheemCase #SaudiJustice #IndianAbroad #KeralaNews #JusticeServed #ExpatLife