Transfer | പത്തനംതിട്ട എസ്പി സുജിത് ദാസിന് സസ്‌പെന്‍ഷന്‍ ഇല്ല; നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കി
പൊലീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിഷയങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതതലസംഘം.
പുതിയ പത്തനംതിട്ട എസ്പി വിജി വിനോദ് കുമാര്‍.
തിരുവനന്തപുരം: (KVARTHA) പി വി അന്‍വര്‍ (PV Anvar) എംഎല്‍എയുമായുള്ള ഫോണ്‍ സംഭാഷണ വിവാദത്തില്‍ പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരെയും (SP Sujith Das) കാര്യമായ നടപടിക്ക് മുതിരാതെ സര്‍ക്കാര്‍. സസ്‌പെന്‍ഡ് ചെയ്യാതെ സ്ഥലംമാറ്റത്തിലൊതുക്കിയാണ് നടപടി എടുത്തത്. സ്ഥലം മാറ്റിയതായി വ്യക്തമാക്കുന്ന ഓര്‍ഡര്‍ പുറത്തുവന്നു.
പൊലീസ് ആസ്ഥാനത്ത് എത്തി സംസ്ഥാന പൊലീസ് മേധാവി ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയത്. പത്തനംതിട്ട എസ്പി സ്ഥാനത്ത് വിജി വിനോദ് കുമാറിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മരം മുറിയുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച പിവി അന്‍വര്‍ ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചതാണ് സുജിത് ദാസിനെതിരായ പ്രധാന ആരോപണം.
പി വി അന്‍വറുമായുള്ള സംഭാഷണം പൊലീസിനു നാണക്കേട് ഉണ്ടാക്കിയെന്നും, എസ് പി സുജിത് ദാസ് സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന്, പി വി അന്‍വറുമായുള്ള ഫോണ്‍വിളിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എസ് പി സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തരവകുപ്പ് ശിപാര്‍ശ നല്‍കിയിരുന്നെങ്കിലും സ്ഥലം മാറ്റത്തില്‍ ഒതുക്കുകയായിരുന്നു.
അതേസമയം, എഡിജിപി എംആര്‍ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പരാമര്‍ശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതതലസംഘം രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി.
ഷെയ്ക് ദര്‍വേഷ് സാഹിബ് (എസ്പിസി) ജി. സ്പര്‍ജന്‍ കുമാര്‍ (ഐജിപി, സൗത്ത് സോണ്‍ & സിപി, തിരുവനന്തപുരം സിറ്റി), തോംസണ്‍ ജോസ് (ഡിഐജി, തൃശൂര്‍ റേഞ്ച്), എസ്. മധുസൂദനന്‍ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ്പി, എസ്എസ്ബി ഇന്റലിജന്‍സ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന സംഘമാണ് രൂപീകരിക്കുക.
ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തും. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
#KeralaPolice #transfer #controversy #PVAnvar #SujithDas #investigation #corruption