Relief | ആശങ്കയുടെ 3 ദിവസങ്ങള്‍ക്ക് ശേഷം ആശ്വാസം; തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വീട്ടിലെത്തി
● തിരിച്ചെത്തിയത് വെള്ളിയാഴ്ച രാത്രി 11 മണിയോടെ.
● നാടുവിട്ടത് മാനസിക പ്രയാസം മൂലം.
● എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചതായും കണ്ടെത്തിയിരുന്നു.
മലപ്പുറം: (KVARTHA) തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ ചാലിബ് പി ബി (Chalib PB) കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാതായിരുന്നു. ഏറെ ആശങ്കയിലായിരുന്ന കുടുംബത്തിന് വെള്ളിയാഴ്ച രാത്രി ആശ്വാസമായി. ചാലിബ് വീട്ടിലേക്ക് തിരിച്ചെത്തി. രാത്രി 11 മണിയോടെയാണ് തിരിച്ചെത്തിയതെന്ന് വിവരം ലഭിച്ചു.
കഴിഞ്ഞ ദിവസം ചാലിബ് തന്റെ ഭാര്യയെ ഫോണ്‍ ചെയ്ത് താന്‍ കര്‍ണാടകയിലെ ഒരു ബസ് സ്റ്റാന്‍ഡില്‍ ആണെന്നും മാനസിക പ്രയാസം കാരണം വീടു വിട്ടതാണെന്നും അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് ചാലിബിനെ കര്‍ണാടകയിലെ ഉഡുപ്പിയിലെ മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ കണ്ടെത്തിയിരുന്നു.
മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കര്‍ണാടകയിലെ ഉഡുപ്പി കാണിച്ചതിനെ തുടര്‍ന്ന് അന്വേഷണം അവിടേക്ക് വ്യാപിപ്പിച്ചിരുന്നു. സംഭവദിവസം വൈകീട്ട് ഓഫീസില്‍ നിന്നും ഇറങ്ങിയശേഷം ചാലിബ് പി ബി വൈകുമെന്ന വിവരം വീട്ടുകാര്‍ക്ക് നില്‍കിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.
മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ആദ്യം കോഴിക്കോടും പിന്നീട് കര്‍ണാടകയിലെ ഉഡുപ്പിയിലുമാണ് കാണിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 02.02 വരെ ഓണായ ഫോണ്‍ പിന്നീട് ഓഫായി. എടിഎമ്മില്‍ നിന്ന് പതിനായിരം രൂപ പിന്‍വലിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തിരിച്ചെത്തിയത്. ചാലിബ് ഭാര്യയോട് പറഞ്ഞത് പ്രകാരം അദ്ദേഹം മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഏതായാലും, കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരക്ഷിതനായി വീട്ടിലെത്തിയത് എല്ലാവര്‍ക്കും ആശ്വാസമായിരിക്കുകയാണ്.
#missingperson, #found, #deputytahsildar, #Tirur, #Kerala, #mentalhealth, #safe