Cyberbullying | രൂക്ഷമായ സൈബര്‍ ആക്രമണമെന്ന അര്‍ജുന്റെ കുടുംബത്തിന്റെ പരാതി; കേസില്‍ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കും

 
Lorry Owner Manaf Cleared of Defamation
Lorry Owner Manaf Cleared of Defamation

Photo Credit: Youtube/Lorry Udama Manaf

● മനാഫിനെതിരെ കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല.
● ചില യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനം.
● സൈബര്‍ ആക്രമണം നടത്തിയ പ്രൊഫൈലുകള്‍ പരിശോധിക്കുന്നു.

കോഴിക്കോട്: (KVARTHA) ഷിരൂരില്‍ (Shirur) മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ (Arjun) കുടുംബം നല്‍കിയ പരാതിയിലെടുത്ത കേസില്‍ നിന്ന് ലോറിയുടമ മനാഫിന് (Manaf) ആശ്വാസം. കേസില്‍ മനാഫിനെ പ്രതി പട്ടികയില്‍നിന്ന് ഒഴിവാക്കും. മനാഫിന്റെ യുട്യൂബ് ചാനല്‍ പരിശോധിച്ചപ്പോള്‍ അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് നടപടി. 

മനാഫിനെതിരെ കേസെടുക്കണം എന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മനാഫിന്റെ പേര് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. എഫ്‌ഐആറില്‍ നിന്ന് മനാഫിനെ ഒഴിവാക്കുമെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം നടത്തി ആവശ്യമെങ്കില്‍ മനാഫിനെ ഒഴിവാക്കുമെന്ന് വെള്ളിയാഴ്ച പൊലീസ് അറിയിച്ചിരുന്നു. 

മനാഫിനെതിരെ കേസെടുത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കേസിനെ കുറിച്ച് പ്രതികരിക്കവേ മനാഫ് വിതുമ്പുകയും ചെയ്തു. വലിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയ ഈ വിഷയത്തില്‍ നടത്തിയത്. 

അര്‍ജുന്റെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്നു ചേവായൂര്‍ പൊലീസാണ് കേസെടുത്തത്. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കുടുംബത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. മനാഫിനെതിരെ പരാതിയില്ലെന്നും മനാഫിന്റെ യുട്യൂബ് വിഡിയോയ്ക്ക് താഴെയും മറ്റു സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലും അധിക്ഷേപകരമായ കമന്റ് ഇട്ടവര്‍ക്കെതിരെയാണ് പരാതിയെന്നും കുടുംബം മൊഴി നല്‍കി. 

അതേസമയം, സൈബര്‍ ആക്രമണ പരാതിയില്‍ മനാഫിനെ സാക്ഷിയാക്കും. സൈബര്‍ ആക്രമണം നടത്തിയ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ചില യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുക്കാനും പൊലീസ് തീരുമാനിച്ചു. 

ഷിരൂരിലെ ഗംഗാവലി പുഴയില്‍ ജൂലൈ 16ന് മണ്ണിടിഞ്ഞുവീണ് ലോറിക്കൊപ്പം കാണാതായ അര്‍ജുന്റെ (32) മൃതദേഹം 73 ദിവസങ്ങള്‍ക്കുശേഷമാണ് കണ്ടെടുക്കാനായത്. പിന്നാലെ ലോറിയുടമ മനാഫിനെതിരെ അര്‍ജുന്റെ കുടുംബം ആരോപണവുമായി രംഗത്തെത്തി. ഇതിനെ തുടര്‍ന്നാണ് കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം ഉണ്ടായത്.

#Manaf #Arjun #landslide #Kerala #cyberbullying #investigation #courtcase #exonerated #socialmedia

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia