Demand |  വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയവർക്കെതിരെ നടപടി വേണമെന്ന് കെജിഎംഒഎ

 
KGMOA Demands Action Against Those Threatening Female Doctor in Malappuram
KGMOA Demands Action Against Those Threatening Female Doctor in Malappuram

Logo Credit: Facebook/ KGMOA

● ശക്തമായ നിയമനടപടി ആവശ്യപ്പെട്ട് കെജിഎംഒഎ .
● ആശുപത്രി സംരക്ഷണ നിയമം ശക്തമാക്കണമെന്നും ആവശ്യം 
● 'യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റാണ് ഭീഷണി മുഴക്കിയത്'

മലപ്പുറം: (KVARTHA) തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ആഹ്വാനം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) ആവശ്യപ്പെട്ടു. ഡോക്ടർമാരെ കൈയേറ്റം ചെയ്യുമെന്നും അതിനായി ജയിലിൽ പോകാനും മടിക്കില്ലെന്നും യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻ്റ് പരസ്യമായി പ്രഖ്യാപിച്ചുവെന്ന് സംഘടന കുറ്റപ്പെടുത്തി.

പരിമിതമായ സൗകര്യങ്ങളിലും കുറഞ്ഞ ജീവനക്കാരുമായി പ്രവർത്തിക്കുന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ കഠിനാധ്വാനം ചെയ്യുകയാണ്. എന്നാൽ, അവർക്ക് നിർഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാതായിരിക്കുന്നു. ജനുവരി എട്ടിന് ഒരു വനിതാ ഡോക്ടർക്കുണ്ടായ ദുരനുഭവവുമായി ബന്ധപ്പെട്ട് നൽകിയ പരാതി പിൻവലിക്കാൻ വലിയ സമ്മർദമുണ്ടായിരുന്നു. ഇതിന് വഴങ്ങാത്തതിനെ തുടർന്ന് പ്രാദേശിക രാഷ്ട്രീയ നേതാക്കൾ പ്രതികാര ബുദ്ധിയോടെ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ പരിപാടികൾ നടത്തുകയുണ്ടായി.

ആശുപത്രി ഗേറ്റിന് പുറത്തിറങ്ങിയാൽ ഡോക്ടർമാരെ കൈകാര്യം ചെയ്യുമെന്നും അതിന് ജയിലിൽ പോകാനും മടിക്കില്ലെന്നുമാണ് ജനുവരി 16ന് നടന്ന ഉപവാസ സമരത്തിൽ യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻ്റ് യു എ റസാഖ്  പറഞ്ഞത്. ഈ ഭീഷണിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിനു മുമ്പ്, ഡോക്ടറെ വധിക്കുമെന്ന് ചിലർ ആശുപത്രി അധികൃതരോട് തന്നെ ഭീഷണി മുഴക്കുകയും ചെയ്തതായി അറിയുന്നു.

രോഗികളുടെ ജീവൻ രക്ഷിക്കുന്നതിനായി രാവും പകലുമില്ലാതെ കഷ്ടപ്പെടുന്ന ഡോക്ടർമാരെ കൊലയ്ക്ക് കൊടുക്കാനുള്ള  പരസ്യമായ ആഹ്വാനത്തെ അങ്ങേയറ്റം ഗൗരവത്തോടെയാണ് കെജിഎംഒഎ കാണുന്നത്. ഇനിയും വന്ദന ദാസിനെപ്പോലെയോ ആർജി കർ മെഡിക്കൽ കോളജിലെ പി ജി മെഡിക്കൽ വിദ്യാർത്ഥിനിയെപ്പോലെയോ ഒരു ഡോക്ടർ നമുക്കിടയിൽ ഉണ്ടാവരുത്. ഇത്തരത്തിലുള്ള അധമ പ്രവൃത്തികൾക്ക് ഒരുമ്പെടുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിച്ചു കൊണ്ട് സംഘടന മുന്നോട്ട് പോവുകയാണ്. 

ജീവഭയം കൂടാതെ ജോലി ചെയ്യാൻ മാത്രമല്ല സുരക്ഷിതമായി ജീവിക്കാൻ കൂടി സാധ്യമല്ലാത്ത വിധം കൊലവിളി നടത്തിക്കൊണ്ട് അരാജകത്വം സൃഷ്ടിക്കുന്നവർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നും ആശുപത്രി സംരക്ഷണ നിയമം നോക്കുകുത്തിയാവാൻ അനുവദിക്കരുതെന്നും കെജിഎംഒഎ പ്രസിഡൻ്റ് ഡോ. ടി എൻ സുരേഷ്, ജനറൽ സെക്രട്ടറി ഡോ. സുനിൽ പി കെ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

#DoctorSafety #KeralaHealth #KGMOA #MedicalProtest #StopViolenceAgainstDoctors #Healthcare

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia