Criticism | അവസരം മുതലാക്കി സര്‍കാര്‍; പ്രതിസന്ധിയിലാക്കിയ പി വി അന്‍വറിന് പൂട്ട്; പുറത്തിറങ്ങിയ ശേഷം ബാക്കി കാണിച്ചുകൊടുക്കുമോ?
● മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നടത്തിയ അറസ്റ്റ് ആണെന്ന് പ്രതികരണം.
● 11 പേരുടെ പട്ടികയില്‍ അന്‍വര്‍ക്കും കുറ്റങ്ങള്‍ ചുമത്തിയിരുന്നു.
● മുഖ്യമന്ത്രി, സിപിഎം നേതാക്കളുടെ വിമര്‍ശനം പ്രതികാരമായി മാറി.
മലപ്പുറം: (KVARTHA) മുഖ്യമന്ത്രിക്കും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ ആഞ്ഞടിച്ചതിനും ഇടതുമുന്നണിയെ വിമര്‍ശിച്ചതിനും സര്‍കാരിന്റെ നടപടികളോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതിനും പിന്നാലെയാണ് സ്വതന്ത്ര എംഎല്‍എ പി വി അന്‍വര്‍ അറസ്റ്റിലാകുന്നത്. കഴിഞ്ഞദിവസം നിലമ്പൂരില്‍ വനംവകുപ്പ് ഓഫീസിലുണ്ടായ സംഘര്‍ഷം അന്‍വറിനെതിരെ സര്‍കാര്‍ അവസരമാക്കി അദ്ദേഹത്തെ പൂട്ടുകയും ചെയ്തു.
35-കാരനായ ചോളനായ്ക്കര്‍ ആദിവാസി യുവാവായ മണി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ചിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് അന്‍വറിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ഓഫീസിലേക്കുള്ള മാര്‍ച്ച് അക്രമത്തിലേക്ക് വഴിമാറിയതാണ് എംഎല്‍എയെ കുടുക്കിയത്.
സംഘര്‍ഷത്തിന്റെ പേരില്‍ അന്‍വര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. അന്‍വറിനും മറ്റു പ്രവര്‍ത്തകര്‍ക്കുമെതിരെ കൃത്യനിര്‍വഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നടത്തിയ അറസ്റ്റ് ആണെന്നാണ് മാധ്യമങ്ങളോട് അന്‍വര്‍ പ്രതികരിച്ചത്.
ഒരുകാലത്ത് സൈബര്‍ ലോകത്ത് സിപിഎം പ്രവര്‍ത്തകരുടെ അനിഷേധ്യ ശക്തിയായിരുന്നു പി വി അന്‍വര്‍. 'കടന്നല്‍ രാജ' എന്നായിരുന്നു അവര്‍ വിളിച്ചിരുന്നത്. പ്രതിപക്ഷ നേതാക്കളെയും മാധ്യമങ്ങളെയും നിഷ്ഠുരമായി വിമര്‍ശിച്ചിരുന്ന അദ്ദേഹം, സൈബര്‍ പോരാളികളുടെയും പാര്‍ടിയുടെ ഉന്നത നേതാക്കളുടെയും പിന്തുണ ആവോളം നേടിയിരുന്നു.
എന്നാല്‍, പൊലീസിനും പാര്‍ടിക്കുമെതിരെ രംഗത്തിറങ്ങിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. എഡിജിപി അജിത് കുമാറിനെയും മലപ്പുറം എസ് പി സുജിത് ദാസിനെയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. പൊലീസിനെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പരാതി എഴുതി വാങ്ങി വിവാദം അവസാനിപ്പിക്കാനായിരുന്നു മുഖ്യമന്ത്രിയും സിപിഎമ്മും ആദ്യം ശ്രമിച്ചത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അന്‍വര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ആരോപണങ്ങള്‍ തുടര്‍ന്നു.
എഡിജിപി എം ആര്‍ അജിത് കുമാറിലേക്കും മുഖ്യമന്ത്രിയുടെ പൊളിറ്റികല്‍ സെക്രടറി പി ശശിയിലേക്കും ആരോപങ്ങളുടെ കുന്തമുന നീണ്ടതോടെ അന്‍വറിന് ഇടതുപക്ഷത്ത് നിന്നുള്ള പുറത്തേക്കുള്ള വഴി തുറന്നു. ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച, കരിപ്പൂര്‍ സ്വര്‍ണക്കടത്ത്, കവടിയാറിലെ ആഡംബര വീട് നിര്‍മ്മാണം, കുറവന്‍കോണത്തെ ഫ്‌ലാറ്റ് വില്പന, മലപ്പുറം എസ് പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറി തുടങ്ങിയ ആരോപണളാണ് എഡിജിപിക്കെതിരെ ഉയര്‍ത്തിയത്.
ഒടുവില്‍ സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തെങ്കിലും നിരന്തരം വാര്‍ത്താസമ്മേളനങ്ങള്‍ നടത്തി അന്‍വര്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിക്കുന്നതാണ് പിന്നീട് കണ്ടത്. ഇടതുമുന്നണിയില്‍ നിന്ന് സ്വയം പുറത്തായ അന്‍വര്‍ പല പാര്‍ടികളിലേക്കും ചേക്കേറാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ഡിഎംകെ എന്ന പേരില്‍ പുതിയ സംഘടനയ്ക്ക് രൂപം നല്‍കി. ആദ്യഘട്ടത്തില്‍ അന്‍വറിന് മാധ്യമങ്ങളില്‍ അടക്കം വലിയ താരപരിവേഷം കിട്ടിയെങ്കിലും പിന്നീട് എല്ലാം കെട്ടടങ്ങി.
അതിനിടെ ചേലക്കരയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ സ്ഥാനാര്‍ഥി മത്സരിച്ചെങ്കിലും മുന്നേറ്റം നടത്താനായില്ല. ഇതിനിടെയാണ് വന്യജീവി ആക്രമണത്തിനെതിരായ മാര്‍ച്ചുമായി അന്‍വറും സംഘവും രംഗത്തിറങ്ങിയത്. ഒരു എംഎല്‍എയെ കേസെടുത്ത് മണിക്കൂറുകള്‍ക്കകം പൊലീസ് അറസ്റ്റ് ചെയ്തത് എന്തായാലും പൊലീസിന്റെ മാത്രം തീരുമാന പ്രകാരമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
അന്‍വര്‍ ഉയര്‍ത്തിയ വിവാദം കെട്ടടങ്ങിയതിന് പിന്നാലെ പി ശശി മാനനഷ്ടക്കേസുമായി രംഗത്തെത്തിയിരുന്നു. അന്‍വറിനെതിരെ നേരത്തെയുള്ള ചില പരാതികള്‍ പൊടിതട്ടിയെടുക്കാനുള്ള നീക്കങ്ങളും സര്‍കാരിന്റെ ഭാഗത്തുനിന്നുണ്ടായി. അതിനിടെയാണ് വനംവകുപ്പ് ഓഫീസിലെ സംഘര്‍ഷം സുവര്‍ണാവസരമായി വീണുകിട്ടിയത്. സര്‍കാരിന്റെ ഈ നടപടി അന്‍വറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പുറത്തിറങ്ങിയാല്‍ ബാക്കി കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞാണ് അന്‍വര്‍ ജയിലിലേക്ക് പോയിരിക്കുന്നത്. അറസ്റ്റ് അന്‍വറിന് ഒരു ആയുധമാകുമോ എന്ന് കണ്ടറിയാം.
#PVAnwar, #KeralaPolitics, #PoliticalProtest, #CPI(M), #ArrestInKerala, #KeralaNews