Relief | അർജുൻ്റെ കുടുംബത്തിന് 7 ലക്ഷം രൂപ, ഉറ്റവരെയല്ലാം നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി; പ്രഖ്യാപിച്ച് മുഖ്യമന്ത്രി; സന്തോഷമെന്ന് ശ്രുതിയുടെ പ്രതികരണം
● അർജുന്റെ മൃതദേഹം 71 ദിവസത്തിന് ശേഷമാണ് കണ്ടെത്തിയത്
● വയനാട് ജില്ലയിൽ തന്നെ ജോലി ചെയ്യാനാണ് ആഗ്രഹമെന്ന് ശ്രുതി
തിരുവനന്തപുരം: (KVARTHA) ഷിരൂരിൽ മണ്ണിടിച്ചലിൽ മരണപ്പെട്ട കോഴിക്കോട് സ്വദേശി അർജുൻ്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ദുരന്തത്തിൽ മുഴുവൻ കുടുംബാംഗങ്ങളെയും പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജൂലൈ 16നാണ് കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അർജുനെ ലോറിയോടൊപ്പം കാണാതായത്. പലതവണയായി നടത്തിയ തിരിച്ചിലിനൊടുവിൽ 71 ദിവസത്തിന് ശേഷമാണ് ഗംഗാവലി പുഴയിൽനിന്ന് ലോറിയും ലോറിയുടെ കാബിനുള്ളിൽ അർജുന്റെ മൃതദേഹവും കണ്ടെത്തിയത്.
വയനാട്ടിലെ ഭീകരമായ ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ കഴിയുന്നതിനിടെയാണ് ശ്രുതിക്ക് ഭാവിവരനായിരുന്ന ജെന്‍സണെ വാഹനാപകടത്തില്‍ നഷ്ടപ്പെടുകയും ചെയ്തത്. സെപ്റ്റംബർ 10ന് കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലെ വെള്ളാരംകുന്നിനു സമീപമുണ്ടായ വാഹനാപകടത്തിൽ ശ്രുതിയും ജെൻസണും ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിരുന്നു.
ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന ശ്രുതിയും കൂട്ടരും സഞ്ചരിച്ച വാൻ കോഴിക്കോട്ടുനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വാൻ ഓടിച്ചിരുന്നത് ജെൻസൺ തന്നെയായിരുന്നു. അപകടത്തിൽ ജെൻസന്റെ തലയ്ക്കും ശ്രുതിയുടെ കാലിനുമാണ് പരിക്കേറ്റത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ജെൻസൺ വിടവാങ്ങുകയായിരുന്നു.
അതേസമയം, ജോലി നൽകുമെന്നുള്ള സർക്കാർ പ്രഖ്യാപനത്തിൽ വളരെ സന്തോഷമുണ്ടെന്ന് ശ്രുതി മാധ്യമങ്ങളോട് പ്രതികരിച്ചു. വയനാട്ടിൽ തന്നെ ജോലി ചെയ്യാനാണ് ആഗ്രഹിക്കുന്നത്. ഇതിനായുള്ള നടപടികളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രുതി കൂട്ടിച്ചേർത്തു.
#Kerala #landslide #accident #relief #government #compensation #Arjun #Shruthi