ഗാസയുടെ ദുരിത ജീവിതം ചിത്രങ്ങളിൽ; മാധ്യമ പ്രവർത്തകരുടെ സമ്മേളനം തുടങ്ങി


● മന്ത്രി എം.ബി. രാജേഷ് പ്രദർശനം ഉദ്ഘാടനം ചെയ്തു.
● കേരള മീഡിയ അക്കാദമിയും സീനിയർ ജേണലിസ്റ്റ് ഫോറവും സംഘാടകർ.
● കേരളത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങളുമുണ്ട്.
തിരുവനന്തപുരം: (KVARTHA) ഗാസയിലെ ദുരിത ജീവിതം, വേദന, പട്ടിണി, കൂട്ടപ്പലായനം എന്നിവ ഒപ്പിയെടുത്ത ചിത്രങ്ങളോടെ മുതിർന്ന മാധ്യമപ്രവർത്തകരുടെ ആദ്യ ദേശീയ സമ്മേളനത്തിന് തുടക്കമായി. സാംസ്‌കാരിക വകുപ്പിന്റെ തൈക്കാട് ഭാരത് ഭവനിൽ ഒരുക്കിയ ത്രിദിന ചിത്രപ്രദർശനം തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു.

ഗാസയിൽ കൊല്ലപ്പെട്ട 270 മാധ്യമപ്രവർത്തകർക്ക് ആദരാഞ്ജലി അർപ്പിച്ച് അവരുടെ ചിത്രങ്ങൾക്ക് മുന്നിൽ ദീപം തെളിയിച്ചാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ഗാസ മനുഷ്യത്വത്തിൻ്റെയും മാധ്യമസ്വാതന്ത്ര്യത്തിൻ്റെയും ശവപ്പറമ്പായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഒരു ചെറിയ ഭൂപ്രദേശത്ത് 270 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത് നടുക്കം ഉളവാക്കുന്നതാണ്. ഭക്ഷണത്തിനായി ക്യൂ നിൽക്കുന്നവരെയും ആശുപത്രികളിലെ രോഗികളെയും കൂട്ടക്കൊല ചെയ്യുന്ന ക്രൂരത ലോകത്ത് മറ്റെവിടെയും കണ്ടിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയിൽ മാധ്യമപ്രവർത്തകർ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുന്നത് വരാനിരിക്കുന്ന ആപത്തിൻ്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
കേരള മീഡിയ അക്കാദമിയും സീനിയർ ജേണലിസ്റ്റ് ഫോറവും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിച്ചത്. അന്താരാഷ്ട്ര വാർത്താ ഏജൻസികളായ എ.പി, എ.എഫ്.പി, ഗെറ്റി എന്നിവ പകർത്തിയ ചിത്രങ്ങളാണ് പ്രദർശനത്തിലെ പ്രധാന ആകർഷണം. പട്ടിണി കാരണം എല്ലും തോലുമായ കുട്ടികളുടെ ദയനീയ ചിത്രം കാണികളിൽ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഭക്ഷണച്ചാക്കുകൾ ചുമലിലേറ്റി നീങ്ങുന്ന ഗ്രാമീണരുടെ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. യുദ്ധത്തിനെതിരെ തെൽ അവീവിൽ ഇസ്രയേൽ ജനത നടത്തിയ പ്രതിഷേധവും പ്രദർശനത്തിൽ ഇടം നേടി.
കേരളത്തിലെ പ്രഗത്ഭരായ പ്രസ് ഫോട്ടോഗ്രാഫർമാർ പകർത്തിയ അപൂർവ ചിത്രങ്ങളും പ്രദർശനവേദിയിൽ ഉണ്ട്. ഇ.എം.എസ്. നമ്പൂതിരിപ്പാട് സത്യപ്രതിജ്ഞക്ക് പുറപ്പെടുന്ന ചിത്രം, കെ.കരുണാകരൻ ഭാര്യയുടെ വിയോഗത്തിൽ കരയുന്ന ചിത്രം, നിയമസഭയിലെ കൂട്ട ഉറക്കം, ലോകപ്രശസ്ത ഫോട്ടോഗ്രാഫർ നിക് ഊട്ട് എം.ടി.യെ പകർത്തുന്ന ചിത്രം, ശ്രീലങ്കൻ അഭയാർത്ഥികളുടെ ദുരിതം കാണിക്കുന്ന ധനുഷ്കോടി ദൃശ്യം, മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ കോവളം കടലിലെ കുളി, നക്സൽ നേതാവ് അജിതയെ ജനങ്ങൾക്കായി പ്രദർശിപ്പിക്കുന്ന ചിത്രം തുടങ്ങിയവ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി.
പ്രദർശനത്തിൽ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഫോട്ടോഗ്രാഫർമാർ: എം.കുര്യാക്കോസ്, എം.കെ.ജോൺ, പി.മുസ്തഫ, ബി.ജയചന്ദ്രൻ, കെ.കെ.രവീന്ദ്രൻ, എസ്.എസ്.റാം, ഹാരിസ് കുറ്റിപ്പുറം, വിക്ടർ ജോർജ്, എം.കെ.വർഗീസ്, ടി.നാരായണൻ, എം.ടി.സേവ്യർ, കെ.ജെ.ജോസ്, സി.ബി.പ്രദീപ് കുമാർ, എം.പ്രകാശം, കെ.അരവിന്ദൻ, ആർ.രവീന്ദ്രൻ, മൊണാലിസ ജനാർദ്ദനൻ എന്നിവരാണ്.
വൈകുന്നേരം നാല് മണിക്ക് തൈക്കാട് ഗവൺമെൻ്റ് റസ്റ്റ് ഹൗസ് ഹാളിൽ നടന്ന ദേശീയ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ഈ ചിത്രപ്രദർശനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യുക.
Article Summary: A photo exhibition on Gaza opens in Thiruvananthapuram.
#Gaza #PhotoExhibition #Journalism #Kerala #Thiruvananthapuram #Media