Investigation | ഷിരൂരില്‍ ലോറിയില്‍ കണ്ടെത്തിയ മൃതദേഹം; അർജുന്റേതെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന് കുടുംബം
● മൃതദേഹം കാര്‍വാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മോര്‍ച്ചറിയില്‍.
● വ്യാഴാഴ്ച ഡിഎന്‍എ പരിശോധനയ്ക്ക് സാംപിള്‍ ശേഖരിക്കും.
● രണ്ടുദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും.
കോഴിക്കോട്: (KVARTHA) ഷിരൂരില്‍ (Shirur) ഗംഗാവാലി പുഴയിലെ തിരച്ചിലില്‍ കണ്ടെത്തിയ ലോറിയിലെ മൃതദേഹഭാഗം അർജുന്റേത് (Arjun) തന്നെയാണെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ (DNA) പരിശോധന നടത്തണമെന്ന് കുടുംബം. അര്‍ജുന്റെ വീട്ടിലെത്തിയ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എയോട് (Ravindran MLA) ഇക്കാര്യം ഇവര്‍ ആവശ്യപ്പെട്ടു.
കര്‍ണാടകയിലെ കളക്ടറുമായി സംസാരിക്കുമെന്നും ഇതിനായി സര്‍ക്കാര്‍ ആവശ്യമായ എല്ലാ സഹായവും ഉറപ്പ് നല്‍കുന്നുവെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ പ്രതികരിച്ചു. പിന്നാലെ എംഎല്‍എ എകെ ശശീന്ദ്രനോട് ഇക്കാര്യം സംസാരിച്ചു.
അതേസമയം, മൃതദേഹഭാഗം കോഴിക്കോട് എത്തിക്കാനുള്ള ഉത്തരവാദിത്തം കേരള സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ഉറപ്പ് കുടുംബത്തിന് മന്ത്രിയും മുഖ്യമന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ എംഎല്‍എ കുടുംബത്തെ അറിയിച്ചു. വിവരം കോഴിക്കോട് കളക്ടറെയും എസ്പിയെയും അറിയിച്ചതായും തോട്ടത്തില്‍ രവീന്ദ്രന്‍ വ്യക്തമാക്കി.
മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന ട്രക്ക് 72ാം ദിവസമായ ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണു കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളില്‍നിന്ന് മൃതദേഹവും ലഭിച്ചു. ഗംഗാവലിപ്പുഴയില്‍ ഡ്രജര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അര്‍ജുന്റെ ലോറി കണ്ടെത്തിയത്. നാവികസേനയുടെ രേഖാചിത്രം ട്രക്ക് കണ്ടെടുക്കുന്നതില്‍ നിര്‍ണായകമായി. കേരളം മുഴുവന്‍ പ്രാര്‍ഥനയോടെ കാത്തിരുന്ന രക്ഷാദൗത്യം കണ്ണീരോടെയാണ് അവസാനിച്ചത്.
ക്രെയിന്‍ ഉപയോഗിച്ച് ക്യാബിന്‍ ഉയര്‍ത്തി മൃതദേഹാവശിഷ്ടങ്ങള്‍ ആദ്യം പുറത്തെടുത്തു. തുടര്‍ന്ന് ലോറി കരയിലേക്ക് കയറ്റി. മൃതദേഹം കാര്‍വാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മോര്‍ച്ചറിയിലാണ്. വ്യാഴാഴ്ച ഡിഎന്‍എ പരിശോധനയ്ക്കു സാംപിള്‍ ശേഖരിക്കും. രണ്ടുദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കാനാണ് തീരുമാനം.
അഞ്ചുദിവസമായി ഡ്രജര്‍ ഉപയോഗിച്ച് ഗംഗാവലിപ്പുഴയില്‍ തിരച്ചില്‍ നടക്കുകയായിരുന്നു. ജൂലൈ പതിനാറിനാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് അര്‍ജുനെ കാണാതായത്. അര്‍ജുന്റെ ലോറി കണ്ടെത്തിയതില്‍ കര്‍ണാടക സര്‍ക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി അറിയിച്ചു. കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിനും ഉത്തര കന്നഡ ജില്ലാ ഭരണസംവിധാനത്തിനും മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി.
#ShirurLandslide #Arjun #DNAtest #Kerala #Karnataka #India #RIP #JusticeForArjun