Mysterious Death | 24 കാരിയായ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹത; ട്രെയിന്‍ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിന് കുറുകെ തലവച്ച് കിടക്കുകയായിരുന്നുവെന്ന് ലോക്കാ പൈലറ്റ്


● തിരുവനന്തപുരം ചാക്കയിലെ റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
● മാനസിക സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ കാണിച്ചിരുന്നതായി സുഹൃത്തുക്കള്‍.
● സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും.
തിരുവനന്തപുരം: (KVARTHA) രാജ്യാന്തര വിമാനത്താവളത്തിലെ 24 കാരിയായ എമിഗ്രേഷന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥയെ പേട്ടയ്ക്ക് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. പത്തനംതിട്ട അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടില്‍ വിരമിച്ച ഗവ.ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകള്‍ മേഘയെ തിങ്കളാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിലെ ട്രാക്കില്‍ രാവിലെ 9.15നാണ് മൃതദേഹം കണ്ടത്. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേട്ട പൊലീസെത്തി നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന് സമീപത്ത് നിന്ന് ബ്യുറോ ഓഫ് സിവില്‍ ഏവിയേഷന്റെ ഐഡി കാര്‍ഡ് കണ്ടത്തിയതിനെ തുടര്‍ന്നാണ് ആളെ തിരിച്ചറിഞ്ഞത്.
തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്‌സ്പ്രസാണ് ഇടിച്ചത്. ഫോണില്‍ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിന്‍ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിന് കുറകെ തലവച്ച് കിടക്കുകയായിരുന്നുവെന്നാണ് ലോക്കാ പൈലറ്റ് നല്‍കിയ വിവരം. നൈറ്റ് ഡ്യൂട്ടി ഷിഫ്റ്റ് കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ വിമാനത്താവളത്തില്‍ നിന്നിറങ്ങിയതായിരുന്നു മേഘ.
സംഭവ സമയം ആരോടാണ് ഫോണില്‍ സംസാരിച്ചതെന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. ട്രെയിന്‍ തട്ടി ഫോണ്‍ പൂര്‍ണമായി തകര്‍ന്നതിനാല്‍ സൈബര്‍ പൊലീസിന്റെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിക്കാനാണ് നീക്കം. കുറച്ചുനാളുകളായി മേഘ മാനസിക സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ കാണിച്ചിരുന്നതായി സുഹൃത്തുക്കള്‍ മൊഴി നല്‍കിയതായാണ് സൂചന. സംഭവത്തില്‍ പേട്ട പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഫൊറന്‍സിക് സയന്‍സ് കോഴ്‌സ് പൂര്‍ത്തിയാക്കിയ മേഘ ഒരു വര്‍ഷം മുന്‍പാണ് എമിഗ്രേഷന്‍ ഐബിയില്‍ ജോലിയില്‍ പ്രവേശിച്ചത്. കാരയ്ക്കാക്കുഴി ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ ഒരു മാസം മുന്‍പാണ് അവസാനമായി മേഘ നാട്ടിലെത്തിയത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. കൂടുതൽ വിവരങ്ങൾക്കായി ഷെയർ ചെയ്യുക.
The death of a 24-year-old Emigration Intelligence Bureau officer near Pettah, Thiruvananthapuram, is under investigation due to suspicious circumstances.
#MysteriousDeath, #TrainAccident, #Thiruvananthapuram, #KeralaNews, #PoliceInvestigation, #EmigrationOfficer