Allegation | എഡിഎം നവീന്‍ ബാബുവിന്റെ മരണം; പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യം കോടതി തള്ളി


● ദിവ്യ ഹൈക്കോടതിയെ സമീപിച്ചേക്കും.
● വിധി പ്രസ്താവിച്ചത് ജഡ്ജ് കെ.ടി. നിസാര്‍ അഹമ്മദ്.
● അറസ്റ്റ് നടപടിയുമായി അന്വേഷണ സംഘത്തിന് മുന്നോട്ട് പോകേണ്ടിവരും.
കണ്ണൂര്‍: (KVARTHA) എഡിഎം നവീന്‍ ബാബുവിന്റെ (Naveen Babu) മരണത്തില്‍ ജീവനൊടുക്കാനുള്ള പ്രേരണകുറ്റം ചുമത്തപ്പെട്ട മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ (PP Divya) മുന്‍കൂര്‍ ജാമ്യം കോടതി തള്ളി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

23ന് വിശദമായ വാദം കേട്ട ശേഷമാണ് ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് വിധി പറയാന്‍ മാറ്റിയത്. ജഡ്ജ് കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചത്. ജാമ്യം തള്ളി എന്ന ഒറ്റവാക്യത്തിലാണ് കോടതിയുടെ പ്രസ്താവം.
തലശ്ശേരി സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ ദിവ്യ ഹൈക്കോടതിയെ സമീപിച്ചേക്കും. കണ്ണൂര്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേട്ടിന് മുന്‍പിലോ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പിലോ ദിവ്യ കീഴടങ്ങാനും സാധ്യതയുണ്ട്. ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തില്‍ അറസ്റ്റ് നടപടിയുമായി അന്വേഷണ സംഘത്തിന് മുന്നോട്ട് പോകേണ്ടിവരും.
ജീവനൊടുക്കാനുള്ള പ്രേരണകുറ്റം ചുമത്തിയാണ് ദിവ്യക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. കേസില്‍ പ്രതിയായതോടെ ഇരിണാവിലെ വീട്ടില്‍നിന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മാറിയ ദിവ്യ 13 ദിവസമായി ഒളിവില്‍ കഴിയുകയാണ്. ദിവ്യയ്ക്കുവേണ്ടി അഭിഭാഷകന്‍ കെ.വിശ്വനും പ്രോസിക്യൂഷനു വേണ്ടി കെ.അജിത്കുമാറും നവീന്‍ ബാബുവിന്റെ കുടുംബത്തിന് വേണ്ടി ജോണ്‍ എസ്.റാല്‍ഫുമാണ് കോടതിയില്‍ ഹാജരായത്.
ദിവ്യ നടത്തിയത് വ്യക്തിഹത്യചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കലക്ടറുടെ മൊഴിയുണ്ട്. വഴിയേ പോയപ്പോള്‍ കയറിയതെന്ന് പറയുന്നത് വീഡിയോയിലുണ്ട്. ഒരു മാധ്യമത്തെ മാത്രം ദിവ്യ വിളിച്ചുവരുത്തി (കണ്ണൂര്‍ വിഷന്‍)പിന്നില്‍ നടന്നത് കൃത്യമായ ആസൂത്രണം. രണ്ടുദിവസത്തിനകം അറിയാമെന്ന് പറഞ്ഞത് ഭീഷണി. ഗംഗാധരന്‍ ഉന്നയിച്ചത് അഴിമതി ആരോപണമല്ല. ആരോപണം ഉന്നയിക്കേണ്ട വേദി അതല്ലെന്ന് രാവിലെ തന്നെ കലക്ടര്‍ ദിവ്യയോട് പറഞ്ഞുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
നവീന്‍ സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നാണ് നവീന്റെ ഭാര്യ മഞ്ജുഷയുടെ വാദം. നവീന്‍ ബാബുവിന് താങ്ങാനാകാത്ത പ്രയാസമുണ്ടാക്കി. പ്രശാന്തിന്റെ പരാതി മരണശേഷം കെട്ടിച്ചമച്ചെന്നും പ്രശാന്തിന്റെ പരാതയിലെ പേരും ഒപ്പും വ്യാജമായിരുന്നുവെന്നുംഅഴിമതി നടന്നെങ്കില്‍ പരാതിപ്പെടേണ്ടത് ഔദ്യോഗിക മാര്‍ഗത്തിലൂടെയായിരുന്നുവെന്നും മഞ്ജുഷ വാദിച്ചു.
വ്യക്തിഹത്യ നടത്താനാണ് ദിവ്യ ശ്രമിച്ചത്. കലക്ടര്‍ക്ക് പോലും പരാതി നല്‍കാമായിരുന്നു. ഭരണഘടനാ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥനെയാണ് ഭീഷണിപ്പെടുത്തി. ദിവ്യയും പ്രശാന്തും ഒരേ നക്‌സസിന്റെ ഭാഗമാണ്. അധികാര പരിധിയിയില്‍ വരാത്ത കാര്യത്തിന് ദിവ്യ എഡിഎമ്മിനെ വിളിച്ചതെന്തിനെന്ന് അന്വേഷിക്കണം.
നവീന്‍ സ്ഥലംമാറി പോകുന്നിടത്തും അപമാനിക്കുകയായിരുന്നു ലക്ഷ്യം. ഉപഹാരം നല്‍കും മുമ്പ് എണീറ്റ് പോയത് അപമാനകരം. കൈക്കൂലി വാങ്ങിയെന്നതിന് ദിവ്യയ്ക്ക് തന്നെ ഉറപ്പില്ല. നിയമപ്രകാരം ചെയ്യാമെന്ന് നവീന്‍ പറഞ്ഞത് പ്രതികാരത്തിനിടയാക്കി. പ്രശാന്തിന്റേത് ബെനാമി ഇടപാട്. അപമാന ദൃശ്യം പത്തനംതിട്ടയില്‍ പ്രചരിപ്പിച്ചു. വേദിയില്‍ മറുപടി പറയാതിരുന്നത് നവീന്റെ മാന്യത. പത്താംക്ലാസില്‍ പഠിക്കുന്ന ദിവ്യയുടേതല്ല, അന്ത്യകര്‍മം ചെയ്ത നവീന്റെ മകളുടെ അവസ്ഥ പരിഗണിക്കണം. ഒരു പരിഗണനയും ദിവ്യ അര്‍ഹിക്കുന്നില്ലെന്നും മഞ്ജുഷ വാദിച്ചു.
ദിവ്യയുടെ വാദങ്ങള്‍:
തെറ്റ് ചൂണ്ടിക്കാട്ടുക എന്നത് ഉത്തരവാദിത്തം. യാത്രയയപ്പില്‍ പങ്കെടുത്തത് പോസിറ്റീവ് ചിന്താഗതിയോടെ പരാതികള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പരാമര്‍ശങ്ങള്‍. പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും വേറെ അജന്‍ഡ. പരാതി കിട്ടിയാല്‍ മിണ്ടാതിരിക്കണോ? മാധ്യമങ്ങളെ സാധാരണ ക്ഷണിക്കാറുണ്ട്. കലക്ടര്‍ പരിപാടിക്കിടയിലും വിളിച്ചു. അറിയിപ്പ് ഔദ്യോഗികമായിരുന്നില്ല. പരാമര്‍ശം ജീവനൊടുക്കുന്നതിലേക്ക് നയിക്കാനുദ്ദേശിച്ചല്ല. ആശംസ നേര്‍ന്നാണ് അവസാനിപ്പിച്ചത്.
എഡിഎമ്മിന് സ്വന്തം ഭാഗം വിശദീകരിക്കാമായിരുന്നു. ആശംസ നേര്‍ന്നതിന് നവീന്‍ ഞെട്ടിയതെന്തിനെന്ന് മനസിലാവുന്നില്ല. ബോധപൂര്‍വം മാധ്യമങ്ങളെ കൊണ്ടുവന്നു എന്ന വാദം തെറ്റ്. പറഞ്ഞത് തെറ്റെങ്കില്‍ നവീന്‍ എന്തുകൊണ്ട് ഒരക്ഷരം മിണ്ടിയില്ല. തനിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കില്ല. ഗംഗാധരന്റെയും പ്രശാന്തിന്റെയും പരാതിയുടെ വസ്തുത അറിയില്ലതാനും കുടുംബവും പ്രതിസന്ധിയില്‍, ജാമ്യം നല്‍കണം.
#Kerala #justicefornaveen #crime #politics #india