Verdict | 'ഫ്രഞ്ച് ഫ്രൈസ് കഴിക്കാൻ അനുവദിക്കുന്നില്ല'; ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ; ഹൈകോടതി വിധി ഇങ്ങനെ!
ഭർത്താവിനെതിരെ പൊലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസും കോടതി സ്റ്റേ ചെയ്തിട്ടുണ്ട്
ബെംഗ്ളുറു: (KVARTHA) ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നതിൽ നിന്ന് തടഞ്ഞുവെന്നാരോപിച്ച് യുഎസ് ആസ്ഥാനമായുള്ള ഭർത്താവിനെതിരെ ബെംഗ്ളുറു യുവതി നൽകിയ പരാതിയിലെടുത്ത കേസ് കർണാടക ഹൈകോടതി സ്റ്റേ ചെയ്തു. ഭർത്താവിനെതിരെ പൊലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസും കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കേസ് നിസ്സാരമാണെന്നും ഇത്തരം കേസുകളിലൂടെ നിയമനടപടികൾ ദുരുപയോഗം ചെയ്യപ്പെടുമെന്നും ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
കുഞ്ഞ് ജനിച്ച ശേഷം ഭാര്യയുടെ ഭക്ഷണക്രമം നിയന്ത്രിച്ചുവെന്നും പ്രത്യേകിച്ച് ഫ്രഞ്ച് ഫ്രൈസ് കഴിക്കാൻ അനുവദിച്ചില്ലെന്നും ഭാര്യ ആരോപിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 498 എ (ഗാർഹിക പീഡനം), 504 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), സ്ത്രീധന നിരോധന നിയമം എന്നിവ പ്രകാരമാണ് ഭർത്താവിനെതിരെ പൊലീസ് കേസെടുത്തത്. പരാതിയെത്തുടർന്ന്, ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഇത് കാരണം അദ്ദേഹത്തിന് യുഎസിൽ ജോലിക്കായി പോകാൻ കഴിയാതെ വന്നിരുന്നു.
കുഞ്ഞിനെ പ്രസവിച്ചതിന് ശേഷം തനിക്ക് ഉയർന്ന രക്തസമ്മർദം ഉണ്ടായിരുന്നുവെന്നും ശരീരഭാരം കൂടുമെന്ന് ഭയന്ന് ഫ്രഞ്ച് ഫ്രൈയും ചോറും മാംസവും കഴിക്കാൻ ഭർത്താവ് തന്നെ അനുവദിച്ചില്ലെന്നും കോടതിയിൽ നൽകിയ ഹർജിയിൽ യുവതി പറഞ്ഞു. അതേസമയം തങ്ങളുടെ അമേരിക്കയിലെ താമസകാലത്ത് എല്ലാ വീട്ടുജോലികളും താൻ ചെയ്തിരുന്നുവെന്നും പരാതിക്കാരി ടിവി കണ്ടും ഫോണിൽ സംസാരിച്ചും മാത്രമായിരുന്നു സമയം ചിലവഴിച്ചിരുന്നതെന്നും ഭർത്താവ് കോടതിയിൽ വാദിച്ചു.
പാത്രം കഴുകുക, വീട് വൃത്തിയാക്കുക എന്നിവ താനാണ് ചെയ്തിരുന്നതെന്നും അതിനുശേഷം ജോലിക്ക് പോയിരുന്നതായും ഭർത്താവ് പറഞ്ഞു. യുവതിയുടെ ഭർത്താവ് നൽകിയ ഹർജിയിൽ അന്വേഷണം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. വാദങ്ങൾ കേട്ട ശേഷം ജസ്റ്റിസ് എം നാഗപ്രസന്ന, ഭർത്താവിനെതിരെ അന്വേഷണം അനുവദിക്കുന്നത് നിയമനടപടിയുടെ ദുരുപയോഗമാകുമെന്നും ഫ്രഞ്ച് ഫ്രൈസ് കഴിക്കാൻ അനുവദിച്ചില്ലെന്ന ഭാര്യയുടെ ആരോപണത്തിന് വിശ്വാസ്യത നൽകുമെന്നും പറഞ്ഞു.
ഭർത്താവിനെതിരെ ഐപിസി സെക്ഷൻ 498 എ പ്രകാരം ശിക്ഷാർഹമായ ഒരു കുറ്റവും പരാതിയിൽ എവിടെയും സൂചിപ്പിച്ചിട്ടില്ലെന്നും ജസ്റ്റിസ് നാഗപ്രസന്ന വ്യക്തമാക്കി. അന്വേഷണ അധികാരികളുമായി സഹകരിക്കുമെന്നും നടപടികളിൽ നിന്ന് ഒഴിഞ്ഞുമാറില്ലെന്നും കോടതിയിൽ ഉറപ്പുനൽകിയതിനെത്തുടർന്നാണ് യുവതിയുടെ ഭർത്താവിന് യുഎസിലേക്ക് മടങ്ങാൻ അനുമതി നൽകിയത്. പരാതിയിൽ പേരുള്ള യുവാവിൻ്റെ മാതാപിതാക്കൾക്കെതിരെയുള്ള അന്വേഷണം കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു