Sentenced | പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം: ബ്രഹ്മോസ് എയ്‌റോസ്‌പേസ് മുൻ എഞ്ചിനീയർ നിശാന്ത് അഗർവാളിന് ജീവപര്യന്തം 

 
Nishanth Agarwal


പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻ്റുമാർ ഇസ്ലാമാബാദിൽ നിന്ന് പ്രവർത്തിപ്പിച്ചതെന്ന് കരുതുന്ന രണ്ട് ഫേസ്ബുക്ക് പ്രൊഫൈലുകളിലൂടെയാണ് ആശയവിനിമയം നടത്തിയത്.

ന്യൂഡെൽഹി: (KVARTHA) പാകിസ്ഥാൻ ഐഎസ്ഐക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയതിന് മുൻ ബ്രഹ്മോസ് എയ്‌റോസ്‌പേസ് എഞ്ചിനീയർ നിശാന്ത് അഗർവാളിന് ജീവപര്യന്തം തടവ്. നാഗ്പൂർ കോടതിയുടേതാണ് വിധി. 2018ൽ പിടിയിലായ അഗർവാൾ, ബ്രഹ്മോസ് മിസൈലിനെ കുറിച്ചുള്ള രഹസ്യവിവരങ്ങൾ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വെളിപ്പെടുത്തിയെന്നാണ് ആരോപണം. 

കര, വായു, കടൽ മാർഗവും വെള്ളത്തിനടിയിലൂടെയും വിക്ഷേപിക്കാവുന്ന ഇന്ത്യയുടെ സൂപ്പർസോണിക് ക്രൂയിസ് മിസൈൽ പദ്ധതിയിൽ സിസ്റ്റം എഞ്ചിനീയർ ആയിരുന്നു നിശാന്ത് അഗർവാൾ. ഇന്ത്യയുടെ ഡിആർഡിഒയുടെയും റഷ്യയുടെ മിലിട്ടറി ഇൻഡസ്ട്രിയൽ കൺസോർഷ്യത്തിൻ്റെയും (എൻപിഒ മഷിനോസ്‌ട്രോയെനിയ) സംയുക്ത സംരംഭമാണ് പദ്ധതി.

ഐടി ആക്ടിലെ സെക്ഷൻ 66 (എഫ്), ഒഫീഷ്യൽ സീക്രട്ട്സ് ആക്ടിലെ (ഒഎസ്എ) വിവിധ വകുപ്പുകൾ പ്രകാരവും, ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 235 പ്രകാരവുമാണ് അഗർവാളിനെ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എംവി ദേശ്പാണ്ഡെ ശിക്ഷിച്ചത്. ഇസ്ലാമാബാദ് കേന്ദ്രീകരിച്ച് പാകിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുന്നതെന്ന് കരുതപ്പെടുന്ന, 'നേഹ ശർമ്മ', 'പൂജ രഞ്ജൻ' എന്നീ പേരുകളിൽ പ്രവർത്തിക്കുന്ന രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകളുമായി നിശാന്ത് അഗർവാൾ ബന്ധപ്പെട്ടിരുന്നതായി ഉത്തർപ്രദേശ് എടിഎസ് അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തിയിരുന്നു.

ഡിആർഡിഒ അവാർഡ് നേടിയ നിശാന്ത് അഗർവാൾ രാജ്യദ്രോഹപ്രവർത്തനങ്ങളിൽ പിടിയിലായത് സഹപ്രവർത്തകരടക്കമുള്ളവരെ അക്ഷരാർത്ഥത്തിൽ നടുക്കിയിരുന്നു. കുരുക്ഷേത്രയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നു ബിരുദം കരസ്ഥമാക്കുകയും, ഏറെ രഹസ്യസ്വഭാവമുള്ള ദൗത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും, സമൂഹമാധ്യമങ്ങൾ അടക്കമുള്ള ഇൻ്റർനെറ്റ് ഇടങ്ങളിലെ അഗർവാളിന്റെ അലംഭാവം ഐഎസ്ഐയ്ക്ക് മുതലെടുക്കാനായെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia