Crime | മകളെ കൊല്ലാന്‍ 42കാരി വാടകക്കൊലയാളിയെ കൂട്ടുപിടിച്ചു; സ്‌ക്രിപ്റ്റ് മാറ്റിമറിച്ച് മാതാവിനെ കൊലപ്പെടുത്തി കൃത്യം ഏറ്റെടുത്തയാള്‍!
● മകളെ കൊല്ലാനായി നല്‍കിയത് 50000 രൂപ.
● കൊലയാളി 17കാരിയുടെ കാമുകമാണെന്ന് അറിഞ്ഞില്ല.
● സംശയം ഉളവാക്കിയത് രാത്രി വൈകിയുള്ള ഫോണ്‍വിളി.
● കൗമാരക്കാരിയെയും 38 കാരനെയും അറസ്റ്റ് ചെയ്തു.
ആഗ്ര: (KVARTHA) മകളുടെ പ്രണയത്തില്‍ അസ്വസ്ഥയായ മാതാവ് മകളെ കൊല്ലാന്‍ വാടകക്കൊലയാളിയെ കൂട്ടുപിടിക്കുകയും എന്നാല്‍ 42കാരിയെതന്നെ കൊലപ്പെടുത്തുകയും ചെയ്തു ക്വട്ടേഷന്‍ ഏറ്റെടുത്തയാള്‍. ഉത്തര്‍പ്രദേശിലെ ഇറ്റാഹ് (Etah) ജില്ലയിലെ ജസ്രത്പൂര്‍ (Jasrathpur) പോലീസ് സ്റ്റേഷന് പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവവികാസങ്ങള്‍ നടന്നത്. അല്‍കാ ദേവി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: 17കാരിയായ മകളെ കൊലപ്പെടുത്താനായാണ് അല്‍കാ ദേവി, സുഭാഷ് സിംഗ് (38) എന്ന വാടകക്കൊലയാളിയെ കൂട്ടുപിടിച്ചത്. ക്വട്ടേഷന്‍ ഏറ്റെടുത്ത അക്രമി, തന്റെ 17 കാരിയായ മകളുടെ കാമുകനാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞിരുന്നില്ല. ഇറ്റയ്ക്ക് സമീപത്തായി ഒക്ടോബര്‍ ആറിന് അല്‍കയുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെയാണ് കൊലപാതക തിരക്കഥയിലെ ട്വിസ്റ്റ് പുറത്തറിഞ്ഞത്.
സെപ്തംബര്‍ 27ന് കൗമാരക്കാരിയായ മകളുടെ കൊലപാതകം നടത്താന്‍ അല്‍ക സുഭാഷിന് 50,000 രൂപ വാഗ്ദാനം ചെയ്തിരുന്നു. ഈ സമയം, തന്റെ മകളുമായി ബന്ധമുണ്ടായിരുന്ന ആളാണ് സുഭാഷ് എന്ന് അവര്‍ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇവര്‍ മകളുടെ ഫോട്ടോയും വിലാസവും നല്‍കിയതോടെ, കാമുകിയെ ആണ് കൊലപ്പെടുത്തേണ്ടതെന്ന് സുഭാഷിന് വ്യക്തമായി. ഈ പദ്ധതി കാമുകിയായ പെണ്‍കുട്ടിയോട് സുഭാഷ് വെളിപ്പെടുത്തി.
പെണ്‍കുട്ടി വളരെ വേഗത്തില്‍ മറ്റൊരു തിരക്കഥ ഉണ്ടാക്കുകയും പകരം അമ്മയെ കൊന്നാല്‍ അവനെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനവും ചെയ്തു. തുടര്‍ന്ന് അവര്‍ ഒരുമിച്ച്, അല്‍കയുടെ കൊലപാതകത്തിന്റെ ചിത്രങ്ങള്‍ക്കായി തന്ത്രങ്ങള്‍ മെനയുകയും കൃത്യം അരങ്ങേറുകയും ചെയ്തു. ഇങ്ങനെയാണ് പെണ്‍കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴി നല്‍കി.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അല്‍കാ ദേവിയുടെ മകള്‍ ഗ്രാമവാസിയായ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയിരുന്നു. ഇതിന് പിന്നാലെ ഫറൂഖാബാദിലെ അമ്മയുടെ വീട്ടിലേക്ക് മകളെ അയച്ചതോടെയാണ് പെണ്‍കുട്ടി അവിടെവെച്ച് സുഭാഷുമായി ചങ്ങാത്തത്തിലായത്. പരസ്പരം സംസാരിക്കാനായി ഇയാള്‍ പെണ്‍കുട്ടിക്ക് ഒരു മൊബൈല്‍ ഫോണും സംഘടിപ്പിച്ച് നല്‍കി.
രാത്രി വൈകിയുള്ള പെണ്‍കുട്ടിയുടെ ഫോണ്‍വിളി ശ്രദ്ധിച്ച അമ്മയുടെ സഹോദരന്‍ വിവരം പെണ്‍കുട്ടിയുടെ അമ്മയെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ അമ്മ തിരികെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. മകള്‍ ഇത്തരത്തില്‍ തുടരെത്തുടരെ ഉണ്ടാക്കിയ നാണക്കേടില്‍ പ്രകോപിതയായാണ് ഇവര്‍ മകളെ കൊല്ലാനായി ആളെ കണ്ടെത്തിയത്. കേസില്‍ യുവാവും കൗമാരക്കാരിയും ബുധനാഴ്ച അറസ്റ്റിലായതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
#murdermystery #crime #india #familydrama #twistedplot #betrayal