Suspension | കില്‍പ്പോക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റാഗിങ്ങ് പരാതി; ഡിഎസ്പിയുടെ മകന്‍ ഉള്‍പ്പെടെ 2 പേര്‍ക്ക് സസ്‌പെന്‍ഷന്‍; അതിക്രമം നേരിടേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ആരോഗ്യമന്ത്രി
● കോളജ് ഹോസ്റ്റലിലാണ് സംഭവം നടന്നത്.
● നെയ്‌വേലി സ്വദേശിയായ അലന്‍ ജേക്കബ്ബാണ് അക്രമത്തിനിരയായത്.
● അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു.
● പ്രതികള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പരാതി.
● കില്‍പോക്ക് പൊലീസ് അന്വേഷണം തുടങ്ങി.
ചെന്നൈ: (KVARTHA) തമിഴ്‌നാട്ടിലെ കില്‍പ്പോക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ (Kilpauk Medical College - KMC) റാഗിങ്ങ് പരാതി ഉയര്‍ന്ന സംഭവത്തില്‍ ഡിഎസ്പിയുടെ മകന്‍ ഉള്‍പ്പെടെ രണ്ട് ഹൗസ് സര്ജന്മാരെ സസ്‌പെന്‍ഡ് ചെയ്തു. ബിയര്‍ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ചെന്ന ജൂനിയര്‍ വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് നടപടി.
ഹൗസ് സര്‍ജന്മാര്‍ മദ്യ ലഹരിയില്‍ ആയിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇരുവരും മുന്‍പും റാഗ് ചെയ്തിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇവരില്‍ ഒരാള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകനായതിനാല്‍ ശക്തമായ നടപടിയെടുത്തില്ലെന്നാണ് പരാതി.
കഴിഞ്ഞ ആഴ്ച കോളജിലെ ഹോസ്റ്റലിലാണ് അതിക്രമം നടന്നത്. ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്യാനായി വിളിച്ചുകൊണ്ടുവരാന്‍ ഹൗസ് സര്‍ജന്മാരായ ദയാനേഷ്, കവിന്‍ എന്നിവര്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ തന്നോട് ആവശ്യപ്പെട്ടുവെന്നും ഇതിന് വിസമ്മതിച്ചതോടെ തന്നെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തുവെന്നും നെയ്‌വേലി സ്വദേശിയായ അലന്‍ ജേക്കബ്ബ് പറഞ്ഞു. തുടര്‍ന്ന് ഇവരുടെ കയ്യിലുണ്ടായിരുന്ന ബിയര്‍ കുപ്പി കൊണ്ട് തല തന്റെ അടിച്ചുപൊട്ടിച്ചുവെന്നും ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അലന്‍ ജേക്കബ്ബ് പൊലീസിന് മൊഴി നല്‍കി. അലന്‍ നല്‍കിയ പരാതിയിലാണ് രണ്ട് ഹൗസ് സര്‍ജന്മാര്‍ക്കെതിരെ നടപടിയെടുത്തതെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും
കില്‍പോക്ക് പൊലീസ് അറിയിച്ചു.
അതേസമയം, ഈ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും ആരോഗ്യമന്ത്രി എം സുബ്രഹ്‌മണ്യന്‍ പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ ഏറെ പരിശ്രമത്തിനൊടുവിലാണ് പ്രവേശനം കിട്ടുന്നത്. എന്നിട്ട് ഒരു വിദ്യാര്‍ത്ഥിക്ക് കോളേജില്‍ അതിക്രമം നേരിടേണ്ടി വരുന്നത് സങ്കടകരമാണെന്നും ഹൗസ് സര്ജന്മാരെ സസ്‌പെന്‍ഡ് ചെയ്‌തെന്നും മന്ത്രി പറഞ്ഞു.
#ragging #medicalcollege #india #tamilnadu #studentsafety #policeaction #suspension #justice