Iran | ഇറാനില്‍ സുപ്രീം കോടതിക്ക് പുറത്ത് നാടകീയ രംഗങ്ങള്‍; 2 ജഡ്ജുമാര്‍ വെടിയേറ്റു മരിച്ചു


● മുഹമ്മദ് മൊഗിസെ, അലി റസിനി എന്നിവരാണ് കൊല്ലപ്പെട്ട ജഡ്ജുമാര്‍.
● മറ്റൊരു ജഡ്ജിക്കും ഒരു അംഗരക്ഷകനും പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍.
● സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.
ടെഹ്റാന്‍: (KVARTHA) ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെ സുപ്രീം കോടതിക്ക് പുറത്ത് നടന്ന അപ്രതീക്ഷിത വെടിവെപ്പില്‍ രണ്ട് മുതിര്‍ന്ന ജഡ്ജുമാര്‍ കൊല്ലപ്പെട്ടു. അക്രമിയെന്ന് സംശയിക്കുന്ന വ്യക്തി വെടിവെപ്പിന് ശേഷം സ്വയം വെടിവെച്ച് മരിച്ചതായി സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുഹമ്മദ് മൊഗിസെ, അലി റസിനി എന്നിവരാണ് കൊല്ലപ്പെട്ട ജഡ്ജുമാര്‍.
ആക്രമണത്തില്‍ മറ്റൊരു ജഡ്ജിക്കും ഒരു അംഗരക്ഷകനും പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവര്‍ ചികിത്സയില്‍ കഴിയുകയാണെന്നും അധികൃതര്‍ അറിയിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട ജഡ്ജിമാര്‍ 80-കളിലും 90-കളിലും ഇറാനിയന്‍ ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിച്ചവരുടെ കേസുകള്‍ കൈകാര്യം ചെയ്തിരുന്നവരാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇരുവരും ഷിയാ മുസ്ലിം പുരോഹിതന്മാരായിരുന്നു. മൊഗിസെ രാഷ്ട്രീയ തടവുകാരുടെ വിചാരണ നടത്തിയിരുന്ന ബ്രാഞ്ച് 53 ന്റെ തലവനായിരുന്നു. റസിനി 1998-ല്‍ നടന്ന ഒരു വധശ്രമത്തെ അതിജീവിച്ച വ്യക്തിയാണ്.
📹FOOTAGE FROM THE IRANIAN SUPREME COURT, WHERE THE JUDGES WERE ASSASSINATED. https://t.co/AtsvMAkDBo pic.twitter.com/iqRMuTktbQ
— Sputnik (@SputnikInt) January 18, 2025
കൊല്ലപ്പെട്ട ഇരു ജഡ്ജിമാരും ചാരവൃത്തി, തീവ്രവാദം തുടങ്ങിയ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട അതീവ ഗൗരവമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നവരായിരുന്നു. ഇസ്രാഈലുമായും അമേരിക്കന്‍ പിന്തുണയുള്ള ഇറാനിയന്‍ പ്രതിപക്ഷവുമായും ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വ്യക്തികളുമായി ബന്ധപ്പെട്ട കേസുകളാണ് കൊല്ലപ്പെട്ട ജഡ്ജിമാര്‍ കൈകാര്യം ചെയ്തിരുന്നതെന്ന് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
#Iran, #Killed, #JudgesKilled, #Tehran, #IranProtests