Bomb Blast | തിരുവനന്തപുരത്ത് പട്ടാപ്പകല്‍ വീടിനുനേരെ ബോംബെറിഞ്ഞ സംഭവം; ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ്
തിരുവനന്തപുരം: (KVARTHA) കഴക്കൂട്ടം നെഹ്‌റു ജംഗ്ഷനിൽ (Nehru Junction Kazhakootam) പട്ടാപ്പകല്‍ വീടിനുനേരെ ബോംബെറിഞ്ഞ (Bomb) സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. കാപ (CAPA) കേസിലെ പ്രതികളും നെഹ്രു ജംഗ്ഷന്‍ സ്വദേശികളുമായ അഖില്‍ (23), വിവേക് അപ്പൂസ് (27) എന്നിവര്‍ക്കാണ് പരുക്ക്. ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാണ് (Calsh) ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ (Police) പ്രാഥമിക നിഗമനം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഞായറാഴ്ച (07.07.2024) ഉച്ചയ്ക്ക് 12 മണിയോടെ തുമ്പ നെഹ്‌റു ജംഗ്ഷന് സമീപം രണ്ടു ബൈകുകളിലെത്തിയ നാലംഗസംഘമാണ് നാടന്‍ ബോംബെറിഞ്ഞത്. പ്രദേശത്ത് ഒരു സുഹൃത്തിനെ കാണാനെത്തിയ വിവേക്, അഖില്‍ എന്നിവര്‍ റോഡരികില്‍ നില്‍ക്കുകയായിരുന്നു.
രണ്ട് നാടന്‍ ബോംബുകളില്‍ ഒരെണ്ണം അഖിലിന്റെ കയ്യിലാണ് പതിച്ചത്. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖിലിനും വിവേകിനുമെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കാപ കേസില്‍ തടവ് കഴിഞ്ഞ് അടുത്തിടെയാണ് അഖില്‍ പുറത്തിറങ്ങിയത്.
അക്രമി സംഘം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. നിരവധി കേസുകളില്‍ പ്രതിയായ തുമ്പ സ്വദേശി സുനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബോംബേറ് നടത്തിയതെന്നാണ് കരുതുന്നത്. സമീപത്തെ വീട്ടില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.