Man Died | തേങ്ങ പെറുക്കാനെത്തിയ വയോധികന്‍ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു
'പൊട്ടിയത് ആള്‍ താമസമില്ലാത്ത വീട്ടില്‍ ഒളിപ്പിച്ചുവെച്ച സ്റ്റീല്‍ ബോംബ്'.
അച്ഛനും മകനും മരിച്ചിരുന്നു.
പാര്‍ടി ഗ്രാമങ്ങളില്‍ പൊലീസ് പരിശോധന നടത്തുന്നുണ്ടെങ്കിലും ബോംബുകള്‍ കണ്ടെത്താന്‍ കഴിയുന്നില്ല.
കണ്ണൂര്‍: (KVARTHA) തലശ്ശേരിയില്‍ ബോംബ് രാഷ്ട്രീയത്തില്‍ ഒരു വയോധികന് കൂടി ജീവന്‍ നഷ്ടപ്പെട്ടു. നഗരസഭയ്ക്കടുത്തെ എരഞ്ഞോളിയിലെ ഒരു വീട്ടില്‍നിന്നും ബോംബ് പൊട്ടിത്തെറിച്ച് കൂടക്കളത്തെ നാരായണനാണ് (85) മരിച്ചത്. ചൊവ്വാഴ്ച (18.06.2024) രാവിലെയാണ് സംഭവം.
വീടിനടുത്തുള്ള ആള്‍ പാര്‍പില്ലാത്ത പറമ്പില്‍ തേങ്ങ പൊറുക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. സ്റ്റീല്‍ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറഞ്ഞു. തലശ്ശേരി എസിപിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് കാംപ് ചെയ്യുന്നുണ്ട്. ആള്‍ താമസമില്ലാത്ത എരഞ്ഞോളി കൂടക്കളത്തെ വീട്ടുപറമ്പില്‍ ഒളിപ്പിച്ചുവെച്ച ബോംബ് പൊട്ടിത്തെറിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം നാരായണന്റെ മൃതദേഹം തലശ്ശേരി ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
ഒരു വര്‍ഷം മുന്‍പ് ഈ മേഖലയില്‍ നിധി സൂക്ഷിക്കുന്ന പാത്രമാണെന്ന് കരുതി സ്റ്റീല്‍ പാത്ര ബോംബ് തുറക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അസം സ്വദേശിയായ അച്ഛനും മകനും മരിച്ചിരുന്നു. ആക്രി പൊറുക്കി ജീവിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഇതിനുശേഷമാണ് മറ്റൊരു സ്‌ഫോടനം കൂടി നടക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം തലശ്ശേരി മേഖലയില്‍ വ്യാപകമായി ബോംബെറും അക്രമവും നടന്നിരുന്നു. പൊലീസ് പാര്‍ടി ഗ്രാമങ്ങളില്‍ പരിശോധന നടത്തുന്നുണ്ടെങ്കിലും ബോംബുകള്‍ കണ്ടെത്താന്‍ കഴിയുന്നില്ല.