Politics | സൂരജ് വധക്കേസിൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ സഹോദരൻ പ്രതിയായത് സിപിഎമ്മിന് തിരിച്ചടിയായി, പ്രതികരണവുമായി മനോരാജ്


● ടി.കെ രജീഷിന്റെ മൊഴി നിർണായകമായി.
● ഒമ്പത് പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തി.
● 'സിപിഎം പ്രവർത്തകൻ ബി.ജെ.പിയിൽ ചേർന്നതാണ് കൊലപാതക കാരണം'.
കനവ് കണ്ണൂർ
തലശേരി: (KVARTHA) മുഴപ്പിലങ്ങാട് ബിജെപി പ്രവര്‍ത്തകന്‍ സൂരജിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിൻ്റെ സഹോദരൻ മനോരാജ് എന്ന നാരായണൻ കുടുങ്ങിയത് സിപിഎമ്മിന് തിരിച്ചടിയായി. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ടി കെ രജീഷ് നൽകിയ മൊഴിയാണ് മനോരാജ് പ്രതി പട്ടികയിൽ ഉൾപ്പെടാൻ കാരണമായത്. തലശേരി ജില്ലാ സെഷൻസ് കോടതി കുറ്റക്കാരനെന്ന് വിധിച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കേസിലെ പ്രതി മനോരാജ് നാരായണന്‍ രംഗത്തെത്തിയിട്ടുണ്ട്.
'രക്തസാക്ഷികള്‍ സിന്ദാബാദ്' എന്നാണ് മനോരാജ് ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിന് പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ സഹോദരനാണ് മനോരാജെന്നതാണ് പ്രതികരണം ഏറെ ശ്രദ്ധിക്കപ്പെടാൻ കാരണമായത്.
നേരത്തെ സൂരജ് വധക്കേസില്‍ ഒന്‍പത് പ്രതികള്‍ കുറ്റക്കാരാണെന്ന് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി വിധിച്ചിരുന്നു.
ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൂടിയായ ടി കെ രജീഷ്, എന്‍ വി യോഗേഷ്, കെ ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശ്ശേരി വീട്ടില്‍ കെ വി പത്മനാഭന്‍, മനോമ്പത്ത് രാധാകൃഷ്ണന്‍, പുതിയപുരയില്‍ പ്രദീപന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കേസിലെ പത്താം പ്രതി നാഗത്താന്‍കോട്ട പ്രകാശനെ കോടതി വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതി ഷംസുദ്ദീനും പന്ത്രണ്ടാം പ്രതി ടി പി രവീന്ദ്രനും സംഭവ ശേഷം മരിച്ചിരുന്നു.
2005 ഒക്ടോബര്‍ ഏഴിനായിരുന്നു സൂരജ് കൊല്ലപ്പെട്ടത്. മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നിലിട്ട് സൂരജിനെ വെട്ടിക്കൊല്ലുകയായിരുന്നു. ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. ഇതിന് ആറ് മാസം മുന്‍പും സൂരജിനെ കൊല്ലാന്‍ ശ്രമം നടന്നിരുന്നു. അന്ന് കാലിനായിരുന്നു വെട്ടേറ്റത്. ഇതിന് ശേഷം സൂരജ് ആറ് മാസം കിടപ്പിലായിരുന്നു. പിന്നീട് പുറത്തിറങ്ങിയപ്പോഴായിരുന്നു സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയത്.
സിപിഎം പ്രവര്‍ത്തകനായിരുന്ന സൂരജ് ബിജെപിയില്‍ ചേര്‍ന്നതിന്റെ പകയാണ് കൊലയ്ക്ക് കാരണമായതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. തുടക്കത്തില്‍ പത്ത് പേര്‍ക്കെതിരെയായിരുന്നു കേസ്. ടി കെ രജീഷിന്റെ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതി ചേര്‍ക്കുകയായിരുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. കൂടുതൽ വിവരങ്ങൾക്കായി ഷെയർ ചെയ്യുക.
CM's Press Secretary's brother, Manoraj, is accused in the Sooraj murder case. Manoraj's Facebook post sparked controversy. Nine individuals, including Manoraj, were convicted by the Thalassery Sessions Court. The murder was allegedly motivated by political rivalry.
#SoorajMurderCase, #KeralaPolitics, #CPM, #MurderConviction, #PoliticalViolence, #Thalassery