● ഉന്നതര്‍ നിയമത്തെ വെല്ലുവിളിക്കുന്നുവെന്ന് സര്‍ക്കാര്‍.
● താരത്തിനെതിരെ ശക്തമായ വാദത്തിന് തയ്യാറെടുക്കുന്നു.
കൊച്ചി: (KVARTHA) യുവനടിയുടെ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി അഞ്ചാം ദിവസവും സിദ്ദീഖ് (Sidhique) കാണാമറയത്ത്. താരം ഒളിവില്‍ കഴിയുന്നതില്‍ ഉന്നതരുടെ പങ്ക് തള്ളാതെ അന്വേഷണ സംഘം. കൊച്ചിയില്‍ ഉന്നതരുടെ സംരക്ഷണയിലാണ് സിദ്ദിഖ് ഉള്ളതെന്നതിന്റെ തെളിവു ലഭിച്ചെന്നും കോടതിയെ അറിയിക്കുമെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ലുക്ക് ഔട്ട് നോട്ടിസും (Look Out Notice) മറ്റു സംസ്ഥാനങ്ങളില്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയതുള്‍പ്പെടെ വിവരങ്ങള്‍ ധരിപ്പിക്കും.
സിദ്ദീഖിന് ഒളിവില്‍ കഴിയാന്‍ കൊച്ചിയിലെ പല ഉന്നതരും തണലൊരുക്കിയെന്ന് കാര്യം തിങ്കളാഴ്ച സുപ്രീം കോടതിയില്‍ വാദമായി ഉന്നയിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ അന്വേഷണ സംഘത്തിലെ എസ് പി മെറിന്‍ മെറിന്‍ ജോസഫും സംഘവും ഞായറാഴ്ച പ്രത്യേക അന്വേഷണസംഘത്തിന് വേണ്ടി ദില്ലിക്ക് തിരിക്കും.
നടന്‍ സിദ്ദീഖ് നിയമത്തെ വെല്ലുവിളിക്കുകയാണെന്നും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയിട്ടും ഉന്നതരുടെ തണലില്‍ നിയമത്തെ അംഗീകരിക്കാന്‍ മടികാണിച്ച് ഒളിച്ചിരിക്കുകയാണെന്നും അറിയിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് ലഭിച്ച വിവരങ്ങളടക്കം തിങ്കളാഴ്ച സിദ്ദീഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കോടതിയെ അറിയിക്കാനുമാണ് തീരുമാനം.
മേല്‍ക്കോടതിയിലെ കേസ് നടത്തിപ്പില്‍ വിമര്‍ശനങ്ങള്‍ ഒഴിവാക്കാനാണ് തിരക്കിട്ട നടപടി. നിയമം അനുസരിക്കുന്ന വ്യക്തിയെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യം ലംഘിച്ച് എന്ത് കൊണ്ട് സിദ്ദീഖ് ഒളിവില്‍ പോയെന്ന് അന്വേഷണസംഘം കോടതിയില്‍ ഉന്നയിക്കും. സിദ്ദീഖിനെതിരെ സുപ്രീംകോടതിയില്‍ ശക്തമായ വാദത്തിന് തയ്യാറെടുക്കുകയാണ് സര്‍ക്കാര്‍.
ഇതുവരെയും സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനാകാത്തതില്‍ ആക്ഷേപമുയരുന്നതിനിടെയാണ് പുതിയ നീക്കം. സമൂഹത്തില്‍ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന സിദ്ദീഖിനെ പോലെയുള്ള ഉന്നതര്‍ നിയമത്തെ വെല്ലുവിളിക്കുന്നുവെന്നും ജാമ്യം തള്ളണമെന്നുമാണ് സര്‍ക്കാരിന്റെ വാദം.
#Siddique #molestcase #Kerala #arrest #conspiracy #investigation #SupremeCourt