Arrest | സെയ്ഫ് അലി ഖാന് കുത്തേറ്റ കേസ്; പ്രതിയെന്ന് സംശയിക്കുന്നയാള്‍ പൊലീസ് പിടിയില്‍, വീഡിയോ


● ഇയാളെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചുവെന്നാണ് വിവരം.
● യുവാവ് പിടിയിലായത് 30 മണിക്കൂറിനുള്ളില്‍.
● പരുക്കേറ്റ താരം അപകടനില തരണം ചെയ്തിട്ടുണ്ട്.
● ഷാരൂഖ് ഖാന്റെ വീടും നോട്ടമിട്ടിരുന്നതായി സംശയം.
മുംബൈ: (KVARTHA) നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റ കേസില്‍ വലിയ വഴിത്തിരിവ്. മുംബൈ പൊലീസ് 30 മണിക്കൂറിന് ശേഷം പ്രതിയെന്ന് സംശയിക്കുന്ന ആളെ പിടികൂടി. വെള്ളിയാഴ്ച രാവിലെ പിടികൂടിയ ഇയാളെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചുവെന്നാണ് വിവരം. മുംബൈ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
അതേസമയം, സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച അക്രമിയുടെ ചിത്രം കഴിഞ്ഞ ദിവസം മുംബൈ പൊലീസ് പുറത്തുവിട്ടിരുന്നു. പ്രതി വീടിനുള്ളിലേക്ക് കയറിയ ഫയര്‍ എസ്‌കേപ്പ് ഗോവണിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ചിത്രമാണ് പുറത്ത് വിട്ടത്.
കെട്ടിടങ്ങളുടെ ഫയര്‍ എസ്‌കേപ്പ് ഗോവണിയിലൂടെയാണ് പ്രതി നടന്റെ വീടിനുള്ളിലേക്ക് കയറിപ്പറ്റിയതെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. നടന്റെ വീട്ടിലെ ഒരാളുമായി അക്രമിക്ക് ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. അകത്ത് നിന്നും വാതില്‍ തുറന്ന് കൊടുത്തിട്ടാണ് പ്രതി വീടിനുള്ളില്‍ കടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വ്യക്തത വരുത്താനായി സെയ്ഫ് അലി ഖാന്റെ വീട്ടിലെ ജോലിക്കാരെ ചോദ്യം ചെയ്തു വരികയാണ്.
അക്രമം നടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് തന്നെ ഇയാള്‍ വിടിനുള്ളില്‍ കയറിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കള്ളന്‍ കുട്ടികളുടെ മുറിയില്‍ കടന്നുവെന്ന് ജോലിക്കാരിലൊരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് മുറിയിലെത്തിയത്. ഇതോടെ, നടന്‍ പ്രതിയെ ചെറുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന് കുത്തേറ്റത്. ആക്രമണത്തില്‍ വീട്ടുജോലിക്കാരിയുടെ കയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമല്ലാത്തതിനാല്‍, പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.
ബുധനാഴ്ച രാത്രി ബാന്ദ്രയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി സെയ്ഫിനെ ആറ് തവണ കുത്തിയിരുന്നു. ഇതില്‍ രണ്ട് പരുക്കുകള്‍ ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നട്ടെല്ലിന് സമീപവും കഴുത്തിലും ആഴത്തില്‍ പരുക്കേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടന്‍ തന്നെ നടനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. നടന്‍ ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
അതേസമയം, ഈ പ്രതി ഈ ആഴ്ച ആദ്യം ഷാരൂഖ് ഖാന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്. ജനുവരി 14 ന് മന്നത്തിനോട് ചേര്‍ന്നുള്ള റിട്രീറ്റ് ഹൗസിന്റെ പിന്‍വശത്ത് 6-8 അടി നീളമുള്ള ഇരുമ്പ് ഗോവണി സ്ഥാപിച്ചുകൊണ്ട് ഒരാള്‍ പരിസരം നിരീക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. സെയ്ഫിനെതിരായ ആക്രമണത്തിന് ശേഷം കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് സംഘം ഷാരൂഖ് ഖാന്റെ വസതിയായ മന്നത്ത് സന്ദര്‍ശിച്ചു.
#SaifAliKhan #Bollywood #Mumbai #crime #arrest #attack #investigation
BREAKING: Saif Ali Khan attacker🔪 ARRESTED👮🏻 pic.twitter.com/mNQnloidQc
— Manobala Vijayabalan (@ManobalaV) January 17, 2025