Attack | 'പെട്ടെന്ന് പേടിച്ചതുകൊണ്ടാണ് കുത്തിയത്'; ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ പ്രതിയുടെ മൊഴി പുറത്ത്


● പൈപ്പിലൂടെ വലിഞ്ഞുകയറിയാണ് കുളിമുറിയിലേക്കും കിടപ്പുമുറിയിലേക്കും എത്തിയത്.
● വീടിനുള്ളിലാക്കി വാതില്‍ അടച്ചെങ്കിലും പ്രതി വന്നവഴി തിരിച്ചിറങ്ങി.
● കവര്‍ച്ചക്ക് ശേഷം ബംഗ്ലാദേശിലേക്ക് മടങ്ങാനായിരുന്നു ലക്ഷ്യം.
ദില്ലി: (KVARTHA) ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തി പിടിയിലായ പ്രതിയുടെ മൊഴി പുറത്തുവന്നു. സെയ്ഫിന്റെ വീടാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് മോഷണത്തിന് മുതിര്‍ന്നതെന്നും കുത്തിയത് പെട്ടെന്ന് താരത്തിനെ കണ്ടതിലുള്ള ഭയപ്പാടിലെന്നും പ്രതി മുഹമ്മദ് ഷെരിഫുല്‍ ഇസ്ലാം ഷെഹ്‌സാദ് പൊലീസിന് മൊഴി നല്‍കി. കേസില്‍ സംശയത്തെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍നിന്ന് മൂന്നു പേരെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇവരെ പിന്നീട് വിട്ടയച്ചിരുന്നു.
കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: സെയ്ഫ് അലിഖാന്റെ ഇളയ മകന്‍ ജഹാംഗീറിനെ ബന്ദിയാക്കി പണം ആവശ്യപ്പെടാനും പദ്ധതി ഇട്ടിരുന്നുവെന്ന് പ്രതി നല്‍കിയ മൊഴിയിലുണ്ട്. വീട്ടില്‍ കയറി ഉടനെ കുട്ടിയെ നോക്കുന്ന ഹോം നേഴ്‌സിനോട് ഒരുകോടി രൂപ ആവശ്യപ്പെട്ടു. വീട്ടിലെ അംഗമാണെന്ന് വിചാരിച്ചാണ് അത്തരത്തില്‍ തുക ചോദിച്ചതെന്നും പ്രതി വ്യക്തമാക്കി.
സെയ്ഫ് അലിഖാനെ കുത്താന്‍ പദ്ധതിയുണ്ടായിരുന്നില്ല. വീട്ടുകാര്‍ എല്ലാവരും ഉണര്‍ന്നപ്പോള്‍ ഭയന്നുപ്പോയി. സെയ്ഫ് അലി ഖാനും എത്തിയതോടെ ശരിക്കും ഭയന്നു. പേടിച്ചപ്പോഴാണ് കുത്തിയത്. അതുകൊണ്ടാണ് ഒന്നും എടുക്കാതെ ഓടിപ്പോയതെന്നുമാണ് പ്രതിയുടെ വിശദീകരണം.
കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കാണ് ബാന്ദ്ര വെസ്റ്റിലെ പതിനൊന്നാം നിലയിലെ വസതിയില്‍ സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ടത്. സെയ്ഫ് അലി ഖാന്‍ താമസിക്കുന്ന 13 നില കെട്ടിടത്തില്‍ 8 നില വരെ സ്റ്റെപ്പ് കയറിയ പ്രതി തുടര്‍ന്ന് 11ാം നിലയിലേക്കു പൈപ്പിലൂടെ വലിഞ്ഞു കയറി. അതുവഴി നടന്റെ വീട്ടിലെ കുളിമുറിയിലേക്കും തുടര്‍ന്ന് മകന്റെ കിടപ്പുമുറിയിലേക്കും പ്രവേശിച്ചു. ആയ ബഹളം വച്ചതിനെ തുടര്‍ന്ന് നടന്‍ എഴുന്നേറ്റ് വന്നതോടെ പ്രതി താരത്തെ ആക്രമിച്ചു.
പ്രതിയെ വീടിനുള്ളിലാക്കി നടന്‍ വാതില്‍ അടച്ചെങ്കിലും കുളിമുറിയില്‍ കയറി വന്നവഴി പൈപ്പിലൂടെ ഊര്‍ന്നിറങ്ങിയ ശേഷം ഇയാള്‍ സ്റ്റെപ്പ് വഴി തിരിച്ചിറങ്ങി രക്ഷപ്പെട്ടു. രാവിലെ ഏഴു വരെ ബസ് സ്റ്റോപ്പില്‍ കിടന്നുറങ്ങി. തുടര്‍ന്ന് ട്രെയിനില്‍ മധ്യമുംബൈയിലെ വര്‍ളിയില്‍ ഇറങ്ങി. പ്രതിയുടെ ബാഗില്‍നിന്ന് ചുറ്റിക, സ്‌ക്രൂ ഡ്രൈവര്‍, നൈലോണ്‍ കയര്‍ എന്നിവ കണ്ടെത്തി. ബംഗ്ലാദേശിലേക്ക് മടങ്ങാന്‍ ആയിരുന്നു പ്രതിയുടെ ലക്ഷ്യം.
സെയ്ഫിന്റെ വീടിന്റെ പരിസരത്ത് പലതവണ എത്തി പ്രതി കവര്‍ച്ചയ്ക്ക് സാധ്യത തേടി. മറ്റ് ബോളിവുഡ് താരങ്ങളുടെ വീട്ടിലും പ്രതി മോഷണത്തിന് പദ്ധതിയിട്ടിരുന്നു. ഇതിനായി നിരവധി സെലിബ്രിറ്റികളുടെ വീടുകള്‍ പ്രതി അന്വേഷിച്ചു മനസ്സിലാക്കിയിരുന്നു. ഇതില്‍ സെയ്ഫ് അലിഖാന്റെ വീടാണ് എളുപ്പത്തില്‍ കവര്‍ച്ച നടത്താന്‍ സാധിക്കുന്നതെന്ന് മനസ്സിലാക്കിയതോടെയാണ് അവിടെ കയറിയത്. നടന്മാരായ ഷാരൂഖാന്റെയും സല്‍മാന്‍ഖാന്റെയും വീടുകളിലും പ്രതി കവര്‍ച്ചാ സാധ്യത പരിശോധിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
#SaifAliKhan #Bollywood #Attack #Mumbai #Crime #Arrest