Investigation | സെയ്ഫ് അലി ഖാന്റെ വീട്ടിലെ ആക്രമണം; പൊലീസ് നടന്റെയും കരീനയുടേയും മൊഴി രെഖപ്പെടുത്തി; പ്രതിയുടെ പുതിയ ചിത്രം പുറത്ത്


● പ്രതി കുറ്റകൃത്യത്തിനുശേഷം പുറത്തെത്തി വസ്ത്രം മാറി.
● ജോലിക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു.
● 20ലധികം ആളുകളെ ചോദ്യം ചെയ്തു.
● താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.
മുംബൈ: (KVARTHA) ബാന്ദ്രയിലെ വീട്ടിലെ കവര്‍ച്ചാ ശ്രമത്തിനിടെ അക്രമിയുടെ ആക്രമണത്തില്‍ സെയ്ഫ് അലിഖാന് പരുക്കേറ്റ സംഭവത്തില്‍ പൊലീസ് നടന്റെയും ഭാര്യ കരീന കബൂറിന്റെയും മൊഴി രേഖപ്പെടുത്തി. വെള്ളിയാഴ്ചയാണ് ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയത്.
നിലവില്‍ മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. അണുബാധ സാധ്യത ഒഴിവാക്കാന്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാന്‍ ആകുമെന്നാണ് പ്രതീക്ഷ.
അതിനിടെ, സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതിയുടെ പുതിയ ദൃശ്യങ്ങള്‍ പുറത്ത് വന്നു. കുറ്റകൃത്യത്തിനുശേഷം പുറത്തെത്തിയ പ്രതി വസ്ത്രം മാറിയതായും തുടര്‍ന്ന് ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായും പൊലീസിന് വിവരം ലഭിച്ചു. നീല ഷര്‍ട്ട് ധരിച്ച് റെയില്‍വേ സ്റ്റേഷനിലേക്ക് കയറിപ്പോകുന്ന അക്രമിയുടെ പുതിയ ചിത്രങ്ങളാണ് പൊലീസിന് ലഭിച്ചത്. ഈ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. നിലവിലെ അന്വേഷണം ഈ ചിത്രങ്ങള്‍ കേന്ദ്രീകരിച്ചാണ്. പ്രതി ഒറ്റക്കല്ലെന്നും ഇയാളെ സഹായിക്കാന്‍ മറ്റാളുകള്‍ ഉണ്ടെന്നുമുള്ള നിഗമനത്തിലാണ് പൊലീസ്.
അതേസമയം, സിസിടിവിയില്‍ പതിഞ്ഞ അക്രമിയോട് രൂപസാദൃശ്യമുള്ള ഒരാളെ വെള്ളിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ നാലുമണിക്കൂറോളം ചോദ്യം ചെയ്തതിനുശേഷം ഇയാള്‍ അല്ല പ്രതിയെന്ന് അറിയിച്ച് പൊലീസ് വിട്ടയച്ചിരുന്നു. 20 സംഘങ്ങളായി തിരിഞ്ഞാണ് ക്രൈം ബ്രാഞ്ച് വ്യാപക തെരച്ചില്‍ നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ പൊലീസ് 20ലധികം ആളുകളെ ചോദ്യം ചെയ്തു. സെയ്ഫ് അലിഖാന്റെ വീട്ടിലെ ജോലിക്കാര്‍, സെക്യൂരിറ്റി, മറ്റു ജീവനക്കാര്‍ തുടങ്ങിയവരുടെ വിശദമായ മൊഴിയെടുത്തു. അന്നേദിവസം അവരെവിടെയെന്ന് പരിശോധിച്ച പൊലീസ് മൊബൈല്‍ ഫോണ്‍ രേഖകള്‍ അടക്കം പരിശോധിക്കുന്നുണ്ട്.
#SaifAliKhan #Bollywood #MumbaiCrime #CCTV #Investigation #BreakingNews