Incident | താനൂരിൽ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കിടെ ആർഎസ്എസ് അക്രമമെന്ന് പരാതി; 5 പേർ പൊലീസ് പിടിയിൽ
* പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്
മലപ്പുറം: (KVARTHA) താനൂരിൽ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കിടെ ആർഎസ്എസ് പ്രവർത്തകർ ബൈക്ക് യാത്രക്കാർക്ക് നേരെ അക്രമം നടത്തിയെന്ന കേസിൽ അഞ്ച് പേർ പൊലീസ് പിടിയിൽ. ചന്ദ്രൻ (52), രജീഷ് (38) എന്നിവരാണ് അറസ്റ്റിലായത്. മറ്റ് മൂന്നുപേർ കസ്റ്റഡിയിലാണ്. തിങ്കളാഴ്ച വൈകിട്ട് ആറോടെ ഒഴൂർ ഹാജിപ്പടിയിലാണ് സംഭവം.
ഘോഷയാത്ര എത്തിയപ്പോൾ ബൈക്ക് ഒതുക്കി നിർത്താൻ പറഞ്ഞതിനെ തുടർന്ന് ഓരത്തേക്ക് മാറ്റുന്നതിനിടെ ഹാജിപ്പടി സ്വദേശി പൊടിയേങ്ങൽ അബ്ദുർ റഹീം (22), പുന്നക്കൽ മുബഷീർ (23) എന്നിവർക്കുനേരെ ആക്രമണം അഴിച്ചുവിട്ടുവെന്നാണ് കേസ്. അബ്ദുർ റഹീമിനെ വലിച്ചിഴച്ച് സമീപത്തെ മതിലിൽ ചേർത്ത് ഇടിക്കുകയും പിന്നീട് സംഘമായെത്തി മർദിച്ച് അവശനാക്കിയെന്നും പരാതിയുണ്ട്.
പരുക്കേറ്റ ഇരുവരെയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം അക്രമത്തിന്റെ വീഡിയോ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
#RSSviolence #KeralaProtests #KrishnaJayanti #TanurIncident #bikerattack #religiousviolence