Cybercrime | ഉദ്യോഗസ്ഥരെയും കുടുക്കി ഞെട്ടിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പ്; റെയില്‍വേ ജീവനക്കാരന്റെ 9 ലക്ഷം രൂപ കവര്‍ന്നതായി പരാതി
● സിബിഐ ഉദ്യോഗസ്ഥരെന്ന് പറഞ്ഞായിരുന്നു വീഡിയോ കോള്‍.
● കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതിയെന്ന് ഭീഷണിപ്പെടുത്തി.
● സമാനരീതിയില്‍ അഭിഭാഷകയെയും കബളിപ്പിച്ചിരുന്നു.
മുംബൈ: (KVARTHA) സിബിഐ (CBI) ഉദ്യോഗസ്ഥരെന്ന് വ്യാജേന അവതരിപ്പിച്ച് ഒരു റെയിൽവേ ഉദ്യോഗസ്ഥനിൽ (Railway Employee) നിന്ന് 9 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം വൻ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയാണെന്ന് ഭീഷണിപ്പെടുത്തിയാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാർ (Online Fraud) ഇയാളെ വലയിൽ വീഴ്ത്തിയത്.
സിഎസ്എംടി സ്റ്റേഷനിലെ ചീഫ് ഇലക്ട്രിക്കൽ എൻജിനീയര്‍ക്കാണ് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടത്. ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഇദ്ദേഹത്തിന്റെ നമ്പർ ഉൾപ്പെട്ടിട്ടുണ്ടെന്നും മൊബൈൽ നമ്പർ റദ്ദാക്കപ്പെടുമെന്നും പറഞ്ഞാണ് ഭീഷണി തുടങ്ങിയത്. മൊബൈല്‍ നമ്പര്‍ റദ്ദാക്കപ്പെടുമെന്നും ഇതൊഴിവാക്കാന്‍ പൂജ്യത്തില്‍ അമര്‍ത്തണമെന്നുമായിരുന്നു ആദ്യ സന്ദേശം. ഇത്തരത്തില്‍ പൂജ്യത്തില്‍ അമര്‍ത്തിയതോടെ ഒരു വിഡിയോ കോള്‍ വന്നു. സന്ദേശത്തെ അവഗണിച്ച് ഓഫിസിലെത്തിയെങ്കിലും സിബിഐ ഉദ്യോഗസ്ഥര്‍ക്കു ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് വീണ്ടും ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു.
തുടർന്നും വ്യാജ വിഡിയോ കോളുകളും ഭീഷണിയും വന്നതോടെ ഭയന്നുപോയ ഉദ്യോഗസ്ഥൻ നിർദ്ദേശങ്ങൾ പാലിച്ചു. ഓൺലൈനിലെത്തിയ വ്യാജ ജഡ്ജി, പരിശോധനയ്ക്കായി 9 ലക്ഷം രൂപ അവർ പറഞ്ഞ അക്കൗണ്ടിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടു. പണം അയച്ച ശേഷമാണ് താൻ കബളിപ്പിക്കപ്പെട്ടെന്ന് ഉദ്യോഗസ്ഥൻ മനസ്സിലാക്കിയത്.
ദിവസങ്ങൾക്ക് മുമ്പ് സമാനരീതിയിൽ ഒരു അഭിഭാഷകയുടെ 50,000 രൂപയും കവർച്ച ചെയ്തിരുന്നു എന്നത് ഈ തട്ടിപ്പുകളുടെ ഗൗരവം വ്യക്തമാക്കുന്നു.
#cybercrime #fraudalert #onlinesafety #railway #Mumbai #cybersecurity