Investigation | താരസംഘടനയായ 'അമ്മ'യുടെ ഓഫീസില്‍ വീണ്ടും പൊലീസിന്റെ പരിശോധന
കൊച്ചി: (KVARTHA) താരസംഘടനയായ 'അമ്മ'യുടെ (AMMA) ഓഫീസില്‍ വീണ്ടും പൊലീസിന്റെ പരിശോധന. ഇടവേള ബാബുവിനെതിരായ കേസ് അന്വേഷിക്കുന്ന സംഘമാണ് എത്തിയത്. ഹേമ കമ്മിറ്റി റിപോര്‍ട്ടിന് (Hema Committee Report) പിന്നാലെ സിനിമ മേഖലയിലെ പീഡനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരാണ് ഓഫീസിലെത്തി പരിശോധന നടത്തിയത്.
സിദ്ദിഖ് അടക്കമുള്ളവരുടെ വിവരം തേടി. അന്വേഷണത്തിന്റെ ഭാഗമായി സിദ്ദിഖിനെ വിളിച്ചെങ്കിലും ലഭ്യമാകുന്നില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. ആരോപണ വിധേയരായിരുന്നവര്‍ ഭാരവാഹികള്‍ ആയിരുന്ന കാലത്തെ രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചു.
സംഘടനയിലെ അംഗത്വവുമായി ബന്ധപ്പെട്ടും ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുമുള്ള രേഖകളില്‍ വ്യക്തത വരുത്താനായിരുന്നു പരിശോധന. ഇത് രണ്ടാം തവണയാണ് അന്വേഷണ സംഘം 'അമ്മ' ഓഫിസില്‍ പരിശോധന നടത്തുന്നത്. ആലുവ സ്വദേശിയായ നടിയുടെ മൊഴി പ്രകാരമാണ് എറണാകുളം നോര്‍ത്ത് പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്.
ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു അമ്മയുടെ ഓഫീസില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയത്. ഇവര്‍ സംഘടനയുടെ ഭാരവാഹികളായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഉള്‍പ്പടെ പിടിച്ചെടുത്തു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ പ്രമുഖ താരങ്ങള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. ലൈംഗികാതിക്രമ പരാതിയില്‍ ഭാരതീയ ന്യായ സംഹിത 376 വകുപ്പ് പ്രകാരമാണ് ഇടവേള ബാബുവിനെതിരെ നോര്‍ത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത 354 പ്രകാരമാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്.
#AMMA #MalayalamCinema #Investigation #India #Kerala #Police #IdavelaBabu #Mukesh