Investigation | തുടര്‍ച്ചയായി വിമാനങ്ങള്‍ക്കുനേരെയുള്ള വ്യാജ ബോംബ് ഭീഷണി; 'എക്‌സി'നെ സമീപിച്ച് നെടുമ്പാശേരി പൊലീസ്
● 5 ദിവസത്തിനിടെ ലഭിച്ചത് 100 ഭീഷണി.
● എക്സിലൂടെയായിരുന്നു എല്ലാ ഭീഷണിയും.
● പിന്നില്‍ ഒരാള്‍ തന്നെയാണെന്ന് സംശയം.
കൊച്ചി: (KVARTHA) തുടര്‍ച്ചയായി വിമാന സര്‍വീസുകള്‍ക്കുനേരെയുള്ള വ്യാജബോംബ് ഭീഷണിയില്‍ (Hoax Bomb Threat) സമൂഹമാധ്യമമായ 'എക്‌സി'നെ സമീപിച്ച് നെടുമ്പാശേരി പൊലീസ്. ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനാണ് 'എക്‌സി'നെ സമീപിച്ചിരിക്കുന്നത്.
ശനി, ഞായര്‍ ദിവസങ്ങളില്‍ ഫ്ളൈറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് തെറ്റായ സന്ദേശങ്ങള്‍ അയച്ച രണ്ട് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് അറിയാനാണ് നെടുമ്പാശ്ശേരി പോലീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിനെ സമീപിച്ചത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് കൊച്ചി-ബെംഗളൂരു വിമാനത്തില്‍ ബോംബ് വെച്ചതായി അവകാശപ്പെടുന്ന ആദംലാന്‍സ111 (adamlanza111) എന്ന അക്കൗണ്ടില്‍ നിന്നാണ് അലയന്‍സ് എയറിന്റെ എക്സ് ഹാന്‍ഡില്‍ ആദ്യം സന്ദേശം ലഭിച്ചത്. എന്നാല്‍ പരിശോധനയില്‍ ഇതു വ്യാജമാണെന്നു മനസിലായി.
പിന്നാലെ ഞായറാഴ്ച, ആകാശ എയറിന്റെ എക്സ് ഹാന്‍ഡിലിന് രണ്ട് ഭീഷണികള്‍ എത്തി, കമ്പനിയുടെ ആറു വിമാനങ്ങളില്‍ 12 പേര്‍ ബോംബുകള്‍ വഹിച്ചുകൊണ്ട് കയറിയിട്ടുണ്ട് എന്നായിരുന്നു ഭീഷണി. സ്‌കീസോഫ്രീനിയ111 (schizophrenia111) എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ് തട്ടിപ്പ് അയച്ചത്.
ഇതിന് പിന്നാലെ ചൊവ്വാഴ്ചയും രണ്ട് ഭീഷണി സന്ദേശങ്ങള്‍ കൊച്ചിയിലെത്തിയിരുന്നു. എയര്‍ ഇന്ത്യയുടെ കൊച്ചി - ലണ്ടന്‍, ഇന്‍ഡിഗോയുടെ കൊച്ചി - ബെംഗളൂരു- ലക്‌നൗ വിമാനങ്ങള്‍ക്കായിരുന്നു ഭീഷണി. എന്നാല്‍ ഇരു വിമാനങ്ങളും പുറപ്പെട്ടു മണിക്കൂറുകള്‍ കഴിഞ്ഞായിരുന്നു ഭീഷണി സന്ദേശം എത്തിയത്. എക്സിലൂടെയായിരുന്നു എല്ലാ ഭീഷണിയും എത്തിയത്.
ഞായറാഴ്ച മാത്രം രാജ്യത്ത് ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, വിസ്താര, ആകാശ എയര്‍ തുടങ്ങിയ കമ്പനികളുടെ 32 വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണിയുണ്ടായത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വിമാനങ്ങള്‍ക്ക് ലഭിച്ചത് 100ലധികം ബോംബ് ഭീഷണികളാണ്. കഴിഞ്ഞ ഒരാഴ്ചയായി നൂറോളം വിമാനങ്ങള്‍ക്ക് വിവിധ വിമാനത്താവളങ്ങളിലായാണ് ഭീഷണി സന്ദേശം ലഭിച്ചത്.
എന്നാല്‍, ഈ ഭീഷണി സന്ദേശങ്ങളെല്ലാം ഒരാള്‍ തന്നെയാണ് അയയ്ക്കുന്നത് എന്ന സംശയവും പൊലീസിനുണ്ട്. സന്ദേശം അയയ്ക്കുന്നവര്‍ ഐപി വിലാസം അടക്കം മറയ്ക്കുന്നതിന് വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക്) ഉപയോഗിക്കുന്നതും പൊലീസിന് വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് ഭീഷണി സന്ദേശം അയച്ച അക്കൗണ്ടുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടി പൊലീസ് എക്‌സിനെ സമീപിച്ചിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളിലെ പൊലീസുമായും സഹകരിച്ചാണ് അന്വേഷണം.
വിമാനങ്ങള്‍ക്കെതിരെയുള്ള വ്യാജ ബോംബ് ഭീഷണി ഗൗരവതരമാണെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു വ്യക്തമാക്കി. ഇത്തരം സംഭവങ്ങളെ ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. വ്യോമയാന സുരക്ഷാ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ ആലോചിക്കുന്നുവെന്നും മന്ത്രി അറിയിച്ചു.
#KochiAirport #BombThreat #X #SocialMedia #AviationSafety #PoliceInvestigation #Kerala #India