പേരൂർക്കട എസ്ഐക്ക് സസ്പെൻഷൻ; കള്ളപ്പരാതി നൽകിയവർക്കെതിരെയും നടപടി വേണമെന്ന് യുവതി

 
Image Representing Peroorkada SI Suspended for Assaulting Dalit Woman in False Theft Case
Image Representing Peroorkada SI Suspended for Assaulting Dalit Woman in False Theft Case

Representational Image Generated by Meta AI

● ജിഡി ചാർജുള്ള പൊലീസുകാരെ സ്ഥലം മാറ്റാൻ ഉത്തരവ്.
● 'വെള്ളം ചോദിച്ചപ്പോൾ പൊലീസുകാരൻ ശുചിമുറി കാണിച്ചു കൊടുത്തു.'
● പൊലീസ് ഉദ്യോഗസ്ഥർ അറപ്പുളവാക്കുന്ന അസഭ്യം പറഞ്ഞെന്ന് ബിന്ദു.
● ബിന്ദുവിൻ്റെ വീട് കെപിസിസി പ്രസിഡന്റ് സന്ദർശിച്ചു.
● എഫ്ഐആറിൽ ബിന്ദുവിനെ പ്രതിയാക്കിയതിൽ വിമർശനം.

തിരുവനന്തപുരം: (KVARTHA) മാലമോഷണത്തിന്റെ പേരിൽ ദലിത് സ്ത്രീയെ മാനസിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ പേരൂർക്കട എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. എസ്ഐ പ്രസാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജിഡി ചാര്‍ജുള്ള പൊലീസുകാരെ സ്ഥലം മാറ്റും. ബിന്ദുവിന്റെ ആരോപണത്തിനു പിന്നാലെയാണ് നടപടി. സംഭവത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടുകയും ആഭ്യന്തര അന്വേഷണം നടത്താന്‍ അസി.കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പേരൂര്‍ക്കട പൊലീസിനു ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. വിഷയത്തില്‍ മന്ത്രി ഒ.ആര്‍.കേളു പൊലീസിനോടു റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. വകുപ്പുതല അന്വേഷണം നടത്തുമെന്നാണു മന്ത്രി നേരത്തെ പറഞ്ഞത്.

മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണം

എസ്‌ഐയ്‌ക്കെതിരായ നടപടിയില്‍ സന്തോഷമുണ്ടെന്നാണ് ബിന്ദു പറഞ്ഞത്. എസ്‌ഐയ്‌ക്കെതിരെ മാത്രമല്ല, തന്നെ മാനസികമായി പീഡിപ്പിച്ച മറ്റ് രണ്ട് പൊലീസുകാർക്കെതിരെയും നടപടി വേണമെന്ന് ബിന്ദു ആവശ്യപ്പെട്ടു. 'ക്രൂരമാനസിക പീഡനത്തിന് ഇരയാക്കിയ പ്രസന്നന്‍ എന്ന പൊലീസുകാരനെതിരെയും നടപടി വേണം. വെള്ളം ചോദിച്ചപ്പോള്‍ ശുചിമുറിയില്‍ പോയി കുടിക്കാന്‍ പറഞ്ഞത് പ്രസന്നന്‍ ആണ്'- ബിന്ദു പറഞ്ഞു. കള്ളപ്പരാതി നല്‍കിയ ആള്‍ക്കെതിരെയും നടപടി എടുക്കണമെന്ന് ബിന്ദു ആവശ്യപ്പെട്ടിട്ടുണ്ട്. ഭാര്യയെ അസഭ്യം പറഞ്ഞ പ്രസന്നനെതിരെ നടപടി വേണമെന്ന് ബിന്ദുവിന്റെ ഭര്‍ത്താവും ആവശ്യപ്പെട്ടു.

ബിന്ദുവിനെ സന്ദർശിച്ച് കെപിസിസി പ്രസിഡന്റ്

അതിനിടെ ബിന്ദുവിന്റെ വീട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ സന്ദര്‍ശിച്ചു. ബിന്ദുവിനോട് നേരിട്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ എംഎല്‍എയോട്, കണ്ണീരോടെയാണ് ബിന്ദു കാര്യങ്ങള്‍ വിശദീകരിച്ചത്. പാലോട് രവി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കെപിസിസി പ്രസിഡന്റിന് ഒപ്പമുണ്ടായിരുന്നു. വീടുകളിൽ ജോലി ചെയ്ത് മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാൻ വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഒരു വീട്ടമ്മയ്ക്ക് പൊലീസിൽനിന്ന് നേരിടേണ്ടിവന്ന ക്രൂരമായ പീഡനത്തിന്റെയും നീതിനിഷേധത്തിന്റെയും കാര്യമാണ് ബിന്ദുവിൽനിന്ന് നേരിട്ടു കേൾക്കേണ്ടിവന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.

'പൊലീസ് വിളിച്ചപ്പോൾ തന്നെ ബിന്ദു സ്റ്റേഷനിലെത്തി താൻ മാല എടുത്തിട്ടില്ലെന്നു പറഞ്ഞിരുന്നു. വനിതാ പൊലീസ് ദേഹപരിശോധന നടത്തിയിട്ടും ഒന്നും കണ്ടില്ല. എന്നിട്ടും അറപ്പുളവാക്കുന്ന തരത്തിൽ പൊലീസ് ഉദ്യോഗസ്ഥർ അസഭ്യം പറഞ്ഞു. പെൺമക്കളെ വരെ അവഹേളിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഉടമയുടെ വീട്ടിൽനിന്ന് മാല കണ്ടെത്തിയിട്ടും ബിന്ദുവിനെ പ്രതിയാക്കിയാണ് എഫ്ഐആർ നൽകിയിരിക്കുന്നത്. ഡിജിപിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത ശേഷം അന്വേഷണം നടത്തണം' - സണ്ണി ജോസഫ് പറഞ്ഞു.

ദളിത് സ്ത്രീക്ക് നേരിടേണ്ടി വന്ന ഈ ദുരനുഭവത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. കൂടുതൽ പേരിലേക്ക് എത്തിക്കാൻ വാര്‍ത്ത ഷെയർ ചെയ്യുക.

Article Summary: Peroorkada SI was suspended after a Dalit woman alleged mental harassment in a false theft case. The victim, Bindu, demanded action against two other officers and the false complainant. KPCC President Sunny Joseph visited Bindu and criticized the police action.

#KeralaPolice, #DalitHarassment, #Peroorkada, #PoliceSuspension, #JusticeForBindu, #HumanRights

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia