

● സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവർക്കാണ് ജാമ്യം.
● പാസ്‌പോർട്ട് കോടതിയില്‍ സമര്‍പ്പിക്കണം, രണ്ട് പേർ ജാമ്യം നിൽക്കണം.
● 50,000 രൂപ വീതം കെട്ടിവെക്കണമെന്നും ഉപാധി.
● ഛത്തീസ്ഗഡ് സർക്കാർ ജാമ്യത്തെ എതിർത്തില്ല.
● മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തിയിരുന്നു.
ന്യൂഡൽഹി: (KVARTHA) ഛത്തീസ്ഗഡിലെ ദുർഗിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് എൻഐഎ (National Investigation Agency) കോടതി ജാമ്യം അനുവദിച്ചു. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. പാസ്‌പോർട്ട് കോടതിയില്‍ സമര്‍പ്പിക്കണം, രണ്ടുപേർ ജാമ്യം നിൽക്കണം, 50,000 രൂപ വീതം കെട്ടിവയ്ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

അറസ്റ്റും പ്രതിഷേധവും ജാമ്യവും
അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ, ഒൻപതു ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് കന്യാസ്ത്രീകൾക്ക് ജയിൽ മോചനം സാധ്യമാകുന്നത്. ജാമ്യത്തെ ഛത്തീസ്ഗഡ് സർക്കാർ എതിർത്തില്ല എന്നത് ശ്രദ്ധേയമാണ്. കോടതി ഉത്തരവ് ജയിലിൽ എത്തുന്നതോടെ ഇവർ ജയിൽ മോചിതരാകും. ജാമ്യത്തിനായി ഇടപെട്ട എല്ലാവരോടും നന്ദി പറയുന്നതായി കന്യാസ്ത്രീകളുടെ കുടുംബം അറിയിച്ചു.
കേസിന്റെ വിശദാംശങ്ങൾ
ഓഫിസ്, ആശുപത്രി ജോലിക്കായി കൂടെക്കൂട്ടിയ മൂന്ന് പെൺകുട്ടികളോടൊപ്പം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഹിന്ദു സംഘടനാ പ്രവർത്തകർ കന്യാസ്ത്രീകളെ തടഞ്ഞുവച്ച് പോലീസിന് കൈമാറിയത്. പ്രായപൂർത്തിയായ പെൺകുട്ടികൾ കുടുംബത്തോടൊപ്പമാണ് സ്റ്റേഷനിലെത്തിയത്. ജോലിക്കായാണ് പോകുന്നതെന്ന് കുടുംബം വ്യക്തമാക്കിയെങ്കിലും, മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയിരുന്നത്. മനുഷ്യക്കടത്ത് എൻഐഎ നിയമത്തിലെ ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതിനാൽ ഇവ പരിഗണിക്കാനുള്ള അധികാരം എൻഐഎ പ്രത്യേക കോടതിക്കാണെന്ന് ഛത്തീസ്ഗഡ് സർക്കാർ വാദിച്ചിരുന്നു. ഇത് അഡിഷണൽ സെഷൻസ് കോടതി അംഗീകരിക്കുകയും ചെയ്തു. ആദ്യം കേസ് പരിഗണിച്ച മജിസ്‌ട്രേട്ട് കോടതിയും ഇതേ കാരണം പറഞ്ഞാണ് അപേക്ഷ തള്ളിയത്. ഇതോടെയാണ് കന്യാസ്ത്രീകൾ എൻഐഎ കോടതിയെ സമീപിച്ചത്. ജാമ്യത്തെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം കഴിഞ്ഞ ദിവസം സംസ്ഥാന നേതാക്കൾക്ക് ഉറപ്പ് നൽകിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
കന്യാസ്ത്രീകൾക്കെതിരെയുള്ള ഈ കേസിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
Article Summary: Nuns arrested in Chhattisgarh on charges of human trafficking and forced conversion are granted bail by NIA court after nine days in jail.
#NunsBail #Chhattisgarh #NIACourt #HumanTrafficking #ForcedConversion #Kerala