Crime Investigation | 'വേസ്റ്റ് ഇടാനെന്ന പേരില്‍ വീടിന് പിന്നില്‍ കുഴിയെടുത്തു'; കലവൂരില്‍ വയോധികയുടെ കൊലപാതകത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്
ആലപ്പുഴ: (KVARTHA) കലവൂരില്‍ (Kalavur) കണ്ടെത്തിയ വയോധികയുടെ മൃതദേഹവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുന്നു. പൊലീസ് സംശയിക്കുന്നത് കൊലപാതകം ആസൂത്രിതമായിരുന്നു എന്നാണ്. കൊലപാതകത്തിന് മുന്‍പ് തന്നെ വീടിന് പിറകുവശത്ത് കുഴി എടുത്തുവെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
കുഴി എടുക്കാന്‍ വന്ന മേസ്തിരി നല്‍കിയ മൊഴിയനുസരിച്ച്, കുഴി എടുത്ത ദിവസം പ്രായമായ ഒരു സ്ത്രീ കൂടി ആ വീട്ടില്‍ ഉണ്ടായിരുന്നു. ഒളിവില്‍ കഴിയുന്ന ശര്‍മിളയും നിധിന്‍ മാത്യുവും വീടിന് പിറകുവശത്ത് വേസ്റ്റ് ഇടാനെന്ന പേരിലായിരുന്നു മേസ്തിരിയെ വിളിച്ചു വരുത്തി കുഴി എടുപ്പിച്ചത്. കുഴി എടുത്തത് ഓഗസ്റ്റ് ഏഴാം തീയതിയാണ്. രണ്ട് ദിവസം കഴിഞ്ഞ് ബാക്കി പണം വാങ്ങാന്‍ വന്നപ്പോള്‍ കുഴി മൂടിയതായി കണ്ടു എന്നും മേസ്തിരി മൊഴി നല്‍കിയിട്ടുണ്ട്.
ഓഗസ്റ്റ് എഴിനും പത്തിനും ഇടയിലാണ് സുഭദ്രയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പ്രാഥമികമായി കരുതുന്നത്. പ്രതികളെന്നു സംശയിക്കുന്ന നിതിന്‍ മാത്യുവിനും ശര്‍മിളക്കും വേണ്ടി കടവന്ത്രയില്‍ നിന്നും ആലപ്പുഴയില്‍ നിന്നും അന്വേഷണസംഘം ഉടുപ്പിയിലെത്തി അന്വേഷണം നടത്തുകയാണ്. ഉഡുപ്പി സ്വദേശിയായ ശര്‍മിളയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുകയാണ്.
സുഭദ്രയുടെ കാലിലെ കെട്ടാണ് മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചത്. സ്വര്‍ണാഭരണങ്ങള്‍ ധരിച്ചിരുന്ന സുഭദ്രയുടെ മൃതദേഹത്തില്‍ ഇതൊന്നും ഉണ്ടായിരുന്നില്ല, ഇതോടെയാണ് പണത്തിനും സ്വര്‍ണത്തിനും വേണ്ടിയുളള കൊലപാതകമെന്ന സംശയം പൊലീസിന്. സുഭദ്രയുടേതെന്ന് കരുതുന്ന ആഭരണങ്ങള്‍ ആലപ്പുഴയിലെയും ഉടുപ്പിയിലെയും സ്വര്‍ണപ്പണയ സ്ഥാപനങ്ങളില്‍ നിന്ന് പൊലീസ് കണ്ടെത്തിയതായി വിവരമുണ്ട്.
കൊലപാതകം നടത്തിയത് മാത്യുസും ഷര്‍മിളയും തന്നെയാണോ, വേറെയാര്‍ക്കെങ്കിലും കൃത്യത്തില്‍ പങ്കുണ്ടോ, കൊലപാതകം എന്തിനുവേണ്ടിയിരുന്നു, കൃത്യം നടത്തിയത് എവിടെവെച്ചാണ്, മൃതദേഹം മറവുചെയ്യാന്‍ മറ്റാരെങ്കിലും സഹായിച്ചുണ്ടോ തുടങ്ങിയ വിവരങ്ങളാണ് ഇനിയറിയേണ്ടത്. ഉടുപ്പി സ്വദേശിനിയായ ഷര്‍മീളയേയും ആലപ്പൂഴ കാട്ടൂര്‍ സ്വദേശിയായ മാത്യൂസിനെയും ചോദ്യം ചെയ്യുന്പോഴേ ഇക്കാര്യങ്ങളില്‍ ഉത്തരമാകൂ.
#keralamurder #kalavur #crime #investigation #police #india