Life Imprisonment | അമ്മായിഅമ്മയെ കൊന്ന് കെട്ടിത്തൂക്കിയത് സ്വത്തിന് വേണ്ടി; വയോധികയുടെ മരണത്തില്‍ പ്രതിയായ മരുമകളെ ശിക്ഷിച്ച സംഭവത്തില്‍ നിര്‍ണായകമായത് ഫോറന്‍സിക് കണ്ടെത്തല്‍ 

 
Murder case: Court sentenced accused to life imprisonment , Murder Case, Court, Sentenced, Court Order.
Murder case: Court sentenced accused to life imprisonment , Murder Case, Court, Sentenced, Court Order.

Image Arranged

കൊലപാതകത്തിന് കാരണമായത് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തിരിച്ചെഴുതി തരണമെന്ന വയോധികയുടെ ആവശ്യം.

കാസര്‍കോട്: (KVARTHA) 68 കാരിയായ വയോധികയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ (Murder Case) പ്രതിയായ (Accused) മകന്റെ ഭാര്യയെ കോടതി ജീവപര്യന്തം കഠിനതടവിന് (Life Imprisonment) ശിക്ഷിച്ച സംഭവത്തിന് നിര്‍ണായകമായത് ഫോറന്‍സിക് (Forensic) കണ്ടെത്തല്‍. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലെ (Government Medical College, Kannur) ഫോറന്‍സിക് സര്‍ജനായിരുന്ന ഡോ. എസ് ഗോപാലകൃഷ്ണപിള്ളയാണ് (Forensic surgeon Dr. S Gopalakrishna Pillai), സ്വത്ത് തര്‍ക്കത്തെ (Property Clash) തുടര്‍ന്ന് മക്കളുടെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട അമ്മാളുവമ്മയുടെ മരണം ജീവനൊടുക്കിയതല്ല, കൊലപാതകമാണെന്ന് വ്യക്തമാക്കിയത്. 

പരേതനായ നാരായണന്‍ നായരുടെ ഭാര്യ കൊളത്തൂര്‍ ചേപ്പനടുക്കത്തെ പുക്കളത്ത് അമ്മാളുവമ്മയെ (68) കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് മൃതദേഹപരിശോധനയിലാണ് കണ്ടെത്തിയത്. കൊല്ലപ്പെടുമ്പോള്‍ അമ്മാളുവമ്മ കിടന്നിരുന്ന വീട്ടിലെ ചായ്പും ഫൊറന്‍സിക് സര്‍ജന്‍ സന്ദര്‍ശിച്ചിരുന്നു. ഇവിടെ ഇവര്‍ തൂങ്ങിയനിലയില്‍ കാണപ്പെട്ട കഴുക്കോലിന് വയോധികയുടെ ഭാരം താങ്ങാന്‍ ശേഷിയില്ലെന്നും കണ്ടെത്തിയിരുന്നു. ഇതോടെ ജീവനൊടുക്കിയതല്ലെന്നും കൊലപാതകമാണെന്നുമുള്ള സംശയം ബനപ്പെടുകുയും പിന്നീടുള്ള അന്വേഷണത്തില്‍ അത് തെളിയുകയുമായിരുന്നു. 

കൊലപാതകക്കേസില്‍ ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി അംബികയെയാണ് (49) കാസര്‍കോട് ജില്ല അഡീഷനല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജി എ മനോജ് ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്. 302ാംവകുപ്പുപ്രകാരം ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധികതടവ് അനുഭവിക്കണം. 

തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് 201-ാം വകുപ്പുപ്രകാരം പ്രതിക്ക് അഞ്ചുവര്‍ഷം തടവും ലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികതടവ് അനുഭവിക്കണം. കേസിലെ രണ്ടും മൂന്നും പ്രതികളായ അമ്മാളുവമ്മയുടെ മകന്‍ കമലാക്ഷന്‍ (57), ചെറുമകന്‍ ശരത് (21) എന്നിവരെ നേരത്തെ കോടതി തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചിരുന്നു. കൊലപാതകത്തിനും തെളിവുനശിപ്പിക്കാനും കൂട്ടുനിന്നുവെന്നതിനാണ് ഇവരെ കേസില്‍ കൂട്ടുപ്രതികളാക്കിയിരുന്നത്. ഇവര്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനാലാണ് ഇവരെ വിട്ടയച്ചത്. 

2014 സെപ്റ്റംബറിലാണ് സംഭവം. വീടിന്റെ ചായ്പില്‍ ഉറങ്ങുകയായിരുന്ന അമ്മാളുവമ്മയെ അംബിക കഴുത്തുഞെരിച്ചും തലയണകൊണ്ട് മുഖത്ത് അമര്‍ത്തിയും നൈലോണ്‍ കയര്‍ കൊണ്ട് കഴുത്തുമുറുക്കിയും കൊലപ്പെടുത്തിയെന്നാണ് കേസ്. തുടര്‍ന്ന് ഇവര്‍ ജീവനൊടുക്കിയതാണെന്ന് വരുത്തിതീര്‍ക്കാന്‍ മൃതദേഹം ചായ്പില്‍ കെട്ടിത്തൂക്കുകയായിരുന്നു. 

അമ്മാളുവമ്മയുടെ പേരിലുള്ള സ്ഥലം വിറ്റ് പ്രതികളുടെ പേരില്‍ സ്ഥലം വാങ്ങിയിരുന്നു. ഈ സ്ഥലം തിരിച്ചെഴുതി തരണമെന്ന് അമ്മാളുവമ്മ ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്. 

ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ സബ് ഇന്‍സ്‌പെക്ടര്‍ കെ ആനന്ദനാണ് പ്രാഥമികാന്വേഷണം നടത്തിയത്. ആദൂര്‍ ഇന്‍സ്‌പെക്ടറായിരുന്ന എ സതീഷ്‌കുമാറാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഇ ലോഹിതാക്ഷന്‍ ഹാജരായി.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia