Mystery | വാരാണസിയില്‍ ഒരു കുടുംബത്തിലെ 5 പേര്‍ വെടിയേറ്റ് മരിച്ച നിലയില്‍; മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയശേഷം 45 കാരന്‍ ജീവനൊടുക്കുകയായിരുന്നുവെന്ന് സംശയം
● 4 മൃതദേഹങ്ങള്‍ വീട്ടിലും ഒരെണ്ണം കുറച്ചകലെയുമാണ് കണ്ടെത്തിയത്.
● അന്ധവിശ്വാസം കാരണമുള്ള കൊലയെന്ന് സംശയം.
● കുടുംബനാഥന്‍ ജാമ്യത്തിലിറങ്ങിയാണ് കൃത്യം നടത്തിയത്.
വാരാണസി: (KVARTHA) ഭദൈനി പ്രദേശത്തെ (Bhaidani Area) ജനങ്ങളെ ഞെട്ടിച്ചുകൊണ്ട് കൂട്ട കൊലപാതക വാര്‍ത്ത. ഒരു കുടുംബത്തിലെ അഞ്ചുപേരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. രാജേന്ദ്ര ഗുപ്ത (Rajendra Gupta -45), ഭാര്യ നീതു (Neetu Gupta -43), മകന്‍ നവേന്ദ്ര (Navnendra-25), മകള്‍ ഗൗരംഗി (Gaurangi-16), ഇളയ മകന്‍ ശുഭേന്ദ്ര ഗുപ്ത (Subendra-15) എന്നിവരാണ് മരിച്ചത്. രാജേന്ദ്ര ഗുപ്ത, ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ഗൗരവ് ബന്‍സ്വാള്‍ പറയുന്നത്: വീട്ടമ്മയുടെയും മക്കളുടെയും മൃതദേഹം വീട്ടില്‍നിന്നും ഭര്‍ത്താവിന്റെ മൃതദേഹം പിന്നീട് വീട്ടില്‍ നിന്നും കുറച്ചകലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നുമാണ് കണ്ടെത്തിയത്. മന്ത്രവാദിയുടെ നിര്‍ദേശ പ്രകാരമാണോ കൊലപാതകം നടത്തിയതെന്ന് സംശയമുണ്ട്.
ചൊവ്വാഴ്ച രാവിലെ ഏറെ വൈകിയിട്ടും വീട് തുറക്കാതിരുന്നതോടെ വീട്ടുജോലിക്കാരി വീടിനുള്ളില്‍ കയറി നോക്കിയപ്പോഴാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടത്. രാജേന്ദ്ര ഗുപ്ത വീട്ടില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്ക് ശേഷം ഇയാളെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
നേരത്തെ ചില കേസുകളില്‍ പ്രതിയായിരുന്ന രാജേന്ദ്ര ഗുപ്ത ജാമ്യത്തിലിറങ്ങിയാണ് കുടുംബത്തെ കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടക്കുമ്പോഴാണ് അമ്മയ്ക്കും മക്കള്‍ക്കും വെടിയേറ്റതെന്നാണ് സൂചന. പിസ്റ്റള്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. സമീപത്തുനിന്നും വെടിയുണ്ടകള്‍ കണ്ടെടുത്തു. സ്വന്തം പിതാവിനെ കൊലപ്പെടുത്തിയെന്ന് ഉള്‍പ്പെടെയുള്ള പരാതികള്‍ രാജേന്ദ്ര ഗുപ്തക്കെതിരെയുണ്ട്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു കൊലപാതകം.
നീതു ഗുപ്തയുടെ രണ്ടാം ഭാര്യയാണ്. ഇവര്‍ തമ്മില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നാണ് ലഭിച്ച വിവരം. കുടുംബ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഒരു വര്‍ഷത്തിലേറെയായി വേറെയാണ് ഇവര്‍ താമസം. പത്തോളം വീടുകള്‍ രാജേന്ദ്ര ഗുപ്തയ്ക്ക് സ്വന്തമായുണ്ട്. സ്വത്ത് തര്‍ക്കമാണോ കൊലപാതകത്തിന് കാരണമെന്ന് അന്വേഷിക്കുന്നുണ്ട്.
അതേസമയം, ഗുപ്തയ്ക്ക് ചില അന്ധവിശ്വാസങ്ങള്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഭാര്യയും മക്കളും തന്റെ വളര്‍ച്ചക്ക് തടസ്സമാണെന്ന മന്ത്രവാദിയുടെ ഉപദേശമനുസരിച്ചാണോ ഗുപ്ത കൊലപാതകം നടത്തിയതെന്ന സംശയവും ഉണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
#Varanasi #murder #family #blackmagic #India #crime #investigation #police