Hoax | ഇന്ത്യന്‍ വിമാനത്താവളങ്ങളെ സ്തംഭിപ്പിച്ച് 5 മണിക്കൂറിനുള്ളില്‍ എത്തിയത് 22 വ്യാജ ബോംബ് ഭീഷണികള്‍!
● ബയോയില്‍ യഥാര്‍ഥ തീവ്രവാദിയെന്ന് വിശേഷണം.
● അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത നിലയില്‍.
● ഉത്തര്‍പ്രദേശ് പൊലീസ് സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.
● സൈബര്‍ സെല്‍ എക്‌സ് അധികൃതരുടെ പിന്തുണ തേടി.
ന്യൂഡെല്‍ഹി: (KVARTHA) വിവിധ ഇന്ത്യന്‍ എയര്‍ലൈനുകള്‍ അഞ്ചുമണിക്കൂറിനുള്ളില്‍ 22 വ്യാജ ബോംബ് ഭീഷണികള്‍ നേരിട്ടു. സമൂഹ മാധ്യമമായ എക്‌സിലൂടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.38 മുതല്‍ തുടങ്ങിയ വ്യാജ ബോംബ് ഭീഷണി വൈകിട്ട് നാലുമണി തുടര്‍ന്നു. ഇതോടെ യാത്രക്കാരും വിമാനത്താവള അധികൃതരും ഒരുപോലെ പരിഭ്രാന്തരായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞത്.
എങ്കിലും ഏറെ നേരത്തേക്ക് ആശങ്ക ഒഴിഞ്ഞില്ല. കാരണം, ബയോയില്‍ യഥാര്‍ഥ തീവ്രവാദിയെന്ന് വിശേഷിപ്പിക്കുന്ന @schizobomber777 എന്ന എക്‌സ് അക്കൗണ്ടില്‍ നിന്നാണ് ഭീഷണികളത്രയും വന്നിരുന്നത്. വിമാനക്കമ്പനിയെയും ചില പൊലീസ് എക്‌സ് ഹാന്‍ഡിലുകളെയും ടാഗ് ചെയ്തുകൊണ്ട് വിമാനത്തില്‍ ബോബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി.
വ്യാജ ബോംബ് ഭീഷണിക്ക് പിന്നിലാരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം ഉത്തര്‍പ്രദേശ് പൊലീസ് സൈബര്‍ സെല്‍ ആരംഭിച്ചു. നിലവില്‍ ഈ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത നിലയിലാണ്. ഇത് ആരുടെ അക്കൗണ്ട് ആണെന്ന് കണ്ടെത്തുന്നതിനും സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനും സൈബര്‍ സെല്‍ എക്‌സ് അധികൃതരുടെ പിന്തുണ തേടിയിട്ടുണ്ട്.
ജയ്പൂരില്‍ നിന്ന് അയോധ്യ വഴി ബെംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് (IX765), ദര്‍ഭംഗയില്‍ നിന്ന് മുംബൈയിലേക്കുള്ള സ്പൈസ് ജെറ്റ് (SG116), ബാഗ്ഡോഗ്രയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള അകാശ എയര്‍ (QP 1373), ഡല്‍ഹിയില്‍ നിന്ന് ചിക്കാഗോയിലേക്കുള്ള എയര്‍ ഇന്ത്യ (AI 127), ദമാമില്‍ (സൗദി അറേബ്യ) നിന്ന് ലഖ്നൗവിലേക്കുള്ള ഇന്‍ഡിഗോ (6E 98) തുടങ്ങിയ വിമാനങ്ങള്‍ക്ക് നേരെയായിരുന്നു ബോംബ് ഭീഷണി. ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹി-ചിക്കാഗോ വിമാനം കാനഡയിലെ വിമാനത്താവളത്തില്‍ ഇറക്കുകയും ചെയ്തു.
പരിശോധനകള്‍ക്കൊടുവില്‍ യാത്രക്കാരെ വിമാനത്താവളത്തിലേക്ക് മാറ്റുകയും സുരക്ഷിതരാണെന്നും വ്യാജ ബോംബ് ഭീഷണിയില്‍ അന്വേഷണം നടത്തുമെന്നും എയര്‍ഇന്ത്യ അധികൃതര്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം മുംബൈയില്‍നിന്ന് പുറപ്പെട്ട മൂന്നു രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് നേരെയാണ് ആദ്യം ബോംബ് ഭീഷണി ഉയര്‍ന്നത്. ഇതും വ്യാജമാണെന്ന് പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ജയ്പൂരില്‍ നിന്ന് അയോധ്യ വഴി ബെംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് (IX765)ല്‍ ബോംബുണ്ടെന്ന ഭീഷണിയെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ്, സ്‌നിഫര്‍ ഡോഗ്‌സ്, അയോധ്യ പൊലീസ് എന്നിവര്‍ വിമാനത്താവളത്തിലെത്തി, വിമാനത്തെ ഒറ്റപ്പെട്ട ഒരു ഭാഗത്തേക്ക് മാറ്റി നിര്‍ത്തി അതിവേഗം യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന നടത്തിയിരുന്നു.
#IndiaNews #BombThreats #AviationSecurity #Cybercrime #SocialMediaThreats #FlightDisruptions