Investigation | മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീനെ കേളകത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി
ഇതുവരെയായി മുപ്പത്തിയാറ് കേസുകളാണ് സി പി മൊയ്തീനെതിരെയുളളത്. ഇതില്‍ മുഴുവന്‍ യു.എ.പി.എ നിയമപ്രകാരം ചുമത്തിയിട്ടുളളതാണ്
കണ്ണൂര്‍: (KVARTHA) ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്നും അറസ്റ്റിലായ സി.പി.ഐ മാവോയിസ്റ്റ് പീപ്പിള്‍സ് ലിബറേഷന്‍ ഗൊറില്ല ആര്‍മി (പി.എല്‍.ജി.എ) കബനീദളം കമാന്‍ഡര്‍ സി.പി മൊയ്തീനെ കേളകത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. 2018ല്‍ കേളകം പൊലീസ് പരിധിയിലെ കേസിലാണ് മൊയ്തീന്റെ അറസ്റ്റു ആദ്യം രേഖപ്പെടുത്തിയത്. ഈ മാസം എട്ടുവരെ മൊയ്തീനെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടതിനെ തുടര്‍ന്നാണ് വന്‍സുരക്ഷാ സന്നാഹത്തിന്റെ അകമ്പടിയോടെ മൊയീതിനെ കേളകത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തിയത്.
നേരത്തെ മൊയ്തീനെ ഭീകരവിരുദ്ധ സേനയുടെ (എ.ടി.എസ്) നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. മൊയ്തീന്റെ അറസ്‌റ്റോടെ കേരളത്തില്‍ സി.പി.ഐ മാവോയിസ്റ്റ് സായുധവിഭാഗമായ പി.എല്‍.ജിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനായെന്ന നിഗമനത്തിലാണ് പൊലീസ്. പശ്ചിമഘട്ടത്തില്‍ കണ്ണൂര്‍, വയനാട് ജില്ലകളുടെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ ശക്തമായ സാന്നിധ്യമറിയിച്ച കബനീദളത്തെ നയിച്ചത് സി പി മൊയ്തീനായിരുന്നു.
ഇതുവരെയായി മുപ്പത്തിയാറ് കേസുകളാണ് സി പി മൊയ്തീനെതിരെയുളളത്. ഇതില്‍ മുഴുവന്‍ യു.എ.പി.എ നിയമപ്രകാരം ചുമത്തിയിട്ടുളളതാണ്. കേളകം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ജനവാസ കേന്ദ്രത്തില്‍ സായുധ പ്രകടനം നടത്തിയ കേസിലെ അറസ്റ്റില്‍ സ്ഥലത്ത് തെളിവെടുപ്പ് നടത്തേണ്ടതിനാല്‍ കസ്റ്റഡി കാലാവധി തീരുന്ന എട്ടാം തീയ്യതിക്ക് മുന്‍പായി കേളകത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തുകയായിരുന്നു.
അയ്യന്‍കുന്നില്‍ ഭീകരവിരുദ്ധ സേനയ്‌ക്കെതിരെ നടത്തിയ വെടിവയ്പ്പ്, എടപ്പുഴ, വളളിത്തോട്, വിയറ്റ്‌നാം തുടങ്ങിയ സ്ഥലങ്ങളില്‍ ആയുധമേന്തി നടത്തിയ പ്രകടനം, പ്രദേശവാസികളെ ഭീഷണിപ്പെടുത്തല്‍, സര്‍ക്കാരിനെതിരെ നടത്തിയ പോസ്റ്റര്‍ പ്രചരണം, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേളകം പൊലീസ് യു.എ.പി.എ പ്രകാരം മൊയ്തീനെതിരെ കേസെടുത്തിട്ടുള്ളത്.
കേരളത്തിന്റെ വനമേഖല കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന അഞ്ചു ദളങ്ങളില്‍ നാടുകാണി, ഭവാനി, ബാണാസുര, ശിരുവാണി, എന്നിവയുടെ പ്രവര്‍ത്തനം നിലച്ച ശേഷം കബനീദളം മാത്രമാണ് അവശേഷിച്ചിരുന്നത്. എട്ടുപേര്‍ കര്‍ണാടകയിലേക്കും സന്തോഷെന്ന കാഡര്‍ തമിഴ്‌നാട്ടിലേും മാറിപോയതോടെ ഇവരില്‍ മൂന്നു പേര്‍ മാത്രമേ അവശേഷിച്ചിരുന്നുളളൂ. ഇതുമനസിലാക്കി എ.ടി.എസ് പിന്‍തുടരുകയായിരുന്നു. കനത്ത മഴക്കാലത്ത് വനം വിട്ടു പുറത്തിറങ്ങിയ മനോജ് കഴിഞ്ഞ ജൂലായ് പതിനാറിനും സോമന്‍ 26-നും പിടിയിലായി. ഇതിന് പിന്നാലെയാണ് ആലപ്പുഴയില്‍ നിന്നും മൊയ്തീനും അറസ്റ്റിലായത്.
സി പി മൊയ്തീനെ കേളകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ അമ്പായത്തോട്, മേലെ പാല്‍ ചുരം, താഴെ പാല്‍ ചുരം,രാമച്ചി എന്നിവിടങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. എറണാകുളത്ത്നിന്നും കനത്ത സുരക്ഷയില്‍ ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കൊട്ടിയൂര്‍ അമ്പായത്തോട്ടിലെത്തിച്ചത്. സി.പി.മൊയ്തീന്‍ ഉള്‍പ്പെടെയുള്ള മാവോവാദികള്‍ക്കെതിരെ കേളകം പൊലീസ് സ്റ്റേഷനില്‍ നിരവധി കേസുകളുണ്ട്. ഇതില്‍ എ.ടി.എസ്.അന്വേഷിക്കുന്ന കേസുകളിലാണ് തെളിവെടുപ്പുണ്ടായത്.
രണ്ടരയോടെ അന്വേഷണ സംഘം സി പി മൊയ്തീനുമായി കൊച്ചിയിലേക്ക് മടങ്ങി. തണ്ടര്‍ബോള്‍ട്ട് സേനയുടെ സുരക്ഷയിലെത്തിച്ച തെളിവെടുപ്പിന് കേളകം, കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും പങ്കെടുത്തു. കണ്ണൂരിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കര്‍ണാടക മലയോരഭാഗങ്ങളില്‍ പൊലീസിനും ഭീകരവിരുദ്ധ സേനയ്ക്കും നിരന്തരം തലവേദന സൃഷ്ടിച്ച സി.പി മൊയ്തീനെ കാണാന്‍ നൂറുകണക്കിനാളുകളാണ് കേളകത്ത് എത്തിയത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ സി.പി മൊയ്തീനെ ഭീകരവിരുദ്ധ സേന അനുവദിച്ചില്ല.