Crime | രാത്രി പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട വാന്‍ തീയിട്ട് നശിപ്പിച്ചതായി പരാതി; അടിപിടി കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പിടിയില്‍


● പുക ഉയരുന്നതുകണ്ടാണ് ഉദ്യോഗസ്ഥര്‍ ഓടിയെത്തിയത്.
● പ്ലാസ്റ്റിക് സാമഗ്രികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
● യാത്രാ വാഹനങ്ങളിലേക്ക് ഉള്‍പ്പെടെ തീപടരുന്ന സാഹചര്യമുണ്ടായി.
പാലക്കാട്: (KVARTHA) വാളയാറില്‍ അടിപിടി കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട പിക്കപ് വാന്‍ തീയിട്ട് നശിപ്പിച്ചതായി പരാതി. ബുധനാഴ്ച രാത്രിയാണ് സംഭവം. വാളയാര്‍ പൊലീസ് സ്റ്റേഷന് മുന്നിലെ ദേശീയപാതയിലെ സര്‍വീസ് റോഡില്‍ പാര്‍ക് ചെയ്തിരുന്ന വാഹനമാണ് കത്തി നശിച്ചത്. സംഭവത്തില്‍ എരിമയൂര്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലെ പോള്‍രാജിനെ (50) പൊലീസ് അറസ്റ്റ് ചെയ്തു.
വാളയാര്‍ പൊലീസ് പറയുന്നത്: ബുധനാഴ്ച രാത്രി 8.10നാണ് സംഭവം. സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നു പുക ഉയരുന്നതുകണ്ടാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് ഓടിയെത്തിയത്. തെര്‍മോകോള്‍ ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക് സാമഗ്രികളാണ് കത്തിയ വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതിനാല്‍ പെട്ടെന്ന് തീ മുഴുവന്‍ ഭാഗങ്ങളിലേക്കും പടര്‍ന്നു.
സര്‍വീസ് റോഡിലുണ്ടായിരുന്ന യാത്രാ വാഹനങ്ങളിലേക്ക് ഉള്‍പ്പെടെ തീപടരുന്ന സാഹചര്യമുണ്ടായിരുന്നെങ്കിലും കഞ്ചിക്കോട് സ്റ്റേഷന്‍ ഓഫീസര്‍ ടി ആര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്ന് ഉടന്‍ തീയണച്ചു. വാഹനം പൂര്‍ണമായി കത്തിനശിച്ചു. രണ്ടാഴ്ച മുന്‍പ് ജനവാസ മേഖലയില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളിയ കേസില്‍ തൊണ്ടി മുതലായി പൊലീസ് പിടികൂടി സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടതായിരുന്നു പിക്കപ് വാന്‍.
അതിനിടെ, തീയിട്ട ശേഷം സ്ഥലത്തുനിന്നും ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഇന്‍സ്‌പെക്ടര്‍ എന്‍ എസ് രാജീവ്, എസ്‌ഐ ജെ ജയ്സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് പിന്തുടര്‍ന്ന് ചുള്ളിമടയില്‍ നിന്ന് പിടികൂടി.
മദ്യപിച്ചു അടിപിടിയുണ്ടാക്കിയ കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച വൈകിട്ടോടെ പോള്‍ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈകിട്ടോടെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇതിന്റെ പ്രതികാരത്തിലാണ് രാത്രിയോടെ സ്റ്റേഷന് സമീപത്തെത്തി സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ട പിക്കപ് വാന്‍ പോള്‍ രാജ്, പെട്രോള്‍ ഒഴിച്ച് തീയിട്ടത്.
അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്തതിലുണ്ടായ ദേഷ്യമാണ് പ്രതിയെ സംഭവത്തിലേക്ക് നയിച്ചത്. തൊണ്ടിമുതല്‍ നശിപ്പിക്കല്‍, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുക തുടങ്ങിയ വകുപ്പുകളില്‍ കേസെടുത്താണ് പോള്‍ രാജിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
#Palakkad, #arson, #police, #crime, #Kerala, #India