Murder | സംശയം കൊലയാളിയാക്കി! ഭാര്യയെ കൊന്നതിൽ മാനസിക പ്രയാസമില്ലെന്നും വിഷമം ഒന്നുമാത്രമെന്നും പത്മരാജന്റെ മൊഴി; കൊല്ലത്തെ ദാരുണ കൊലപാതകത്തിൽ പൊലീസിന്റെ കണ്ടെത്തലുകൾ
-
കൊല്ലം കടപ്പാക്കടയിൽ വീട്ടമ്മയെ കൊലപ്പെടുത്തി
-
ഭാര്യയെ സംശയിച്ചാണ് കൊലപാതകം
-
ഭർത്താവ് സ്വയം പോലീസിൽ കീഴടങ്ങി
കൊല്ലം: (KVARTHA) കേരളത്തെ നടുക്കിയ ക്രൂരമായ കൊലപാതകത്തിന്റെ കാരണങ്ങളെ കുറിച്ച് അന്വേഷണത്തിൽ പുതിയ വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. ഭാര്യയ്ക്ക് ബിസിനസ് പങ്കാളിയുമായുള്ള ബന്ധത്തിൽ തോന്നിയ സംശയമാണ് ഭർത്താവിനെ കൊലയാളിയാക്കിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കടപ്പാക്കട നായേഴ്‌സ് ജംക്ഷന് സമീപം ബേക്കറി നടത്തുന്ന അനില (44) യെയാണ് കൊല്ലം തഴുത്തലയില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നത്.
കൊലപാതകത്തിനുശേഷം ഭർത്താവ് പത്മരാജൻ (60) കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ഭാര്യ അനിലയും ജീവനക്കാരനായ സോണിയും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് പ്രതി പെട്രോൾ ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അനില സംഭവ സ്ഥലത്തു തന്നെ മരിച്ചു. സോണി ചികിത്സയിലാണ്. ഭാര്യ അനിലയെയും ബേക്കറി പങ്കാളി ഹനീഷിനെയും കൊല്ലാനായിരുന്നു പ്രതിയുടെ ഉദ്ദേശ്യമെന്നും എന്നാൽ കാറിൽ ബേക്കറി ജീവനക്കാരനാണ് ഉള്ളതെന്ന് അറിഞ്ഞിരുന്നില്ലെന്നും പ്രതി മൊഴി നൽകിയതായി പൊലീസ് എഫ്‌ഐആറിൽ പറയുന്നു.
നിനക്കിനി മാപ്പ് ഇല്ലെന്ന് അലറി വിളിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ കാറിലേക്കു പെട്രോള്‍ ഒഴിച്ച് തീകത്തിക്കുകയായിരുന്നുവെന്ന് പത്മരാജന്‍ പൊലീസിന് മൊഴി നൽകി. കഴിഞ്ഞ മാസം നിള എന്ന പേരിൽ തുടങ്ങിയ ബേക്കറിയിൽ പത്മരാജനും ഹനീഷ് ലാലും പണം നിക്ഷേപിച്ചിരുന്നു. എന്നാൽ ബേക്കറിയിലെ സാമ്പത്തിക പങ്കാളി എന്ന നിലയിൽ ഹനീഷ് ലാലുമായുള്ള അനിലയുടെ ബന്ധം പത്മരാജന് ഇഷ്ടമായിരുന്നില്ല. ഇരുവരും തമ്മിൽ പലപ്പോഴും വഴക്കുകൾ ഉണ്ടായിരുന്നു.
കൊട്ടിയത്തു നടന്ന മധ്യസ്ഥ ചർച്ചയിൽ ഹനീഷ് മുടക്കിയ പണം തിരിച്ചു കൊടുക്കാൻ തീരുമാനമായെങ്കിലും ഇതിനെച്ചൊല്ലിയും തർക്കം ഉണ്ടായി. തുടർന്ന് പത്മരാജൻ, അനിലയെയും ഹനീഷിനെയും കൊല്ലാൻ തീരുമാനിച്ചു. തഴുത്തല പെട്രോൾ പമ്പിൽ നിന്ന് 300 രൂപയുടെ പെട്രോൾ വാങ്ങി ബക്കറ്റിലാക്കിയ പത്മരാജൻ, അനിലയുടെ കാർ പിന്തുടർന്നു. ചെമ്മാൻമുക്കിൽ വച്ച് കാറിൽ ഇടിച്ചു നിർത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയെന്ന് അന്വേഷണം സംഘം വ്യക്തമാക്കി.
ഭാര്യയെ കൊലപ്പെടുത്തിയതിൽ യാതൊരു മാനസിക പ്രയാസവുമില്ലെന്നും പതിനാലുകാരിയായ മകളെ ഓർത്തുമാത്രമാണ് തനിക്ക് വിഷമമുള്ളതെന്നും സുഹൃത്തായ ഹനീഷുമായുള്ള സൗഹൃദം അവസാനിപ്പിക്കാൻ പല തവണ പറഞ്ഞെങ്കിലും അനില കേട്ടില്ലെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.
#KeralaCrime #MurderCase #DomesticViolence #JealousyCrime #JusticeForVictim #PoliceInvestigation #CrimeNews