Assault | 'ഗര്‍ഭിണിയെ അസഭ്യം പറഞ്ഞത് ചോദിക്കാനെത്തിയപ്പോള്‍ ആക്രമണം'; ഭര്‍ത്താവ് കുത്തേറ്റ് ഗുരുതരാവസ്ഥയില്‍; യുവാവ് അറസ്റ്റില്‍
● കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ വളഞ്ഞ് പിടികൂടി.
● പത്തനംതിട്ട സ്വദേശി ലിജു ആണ് അറസ്റ്റിലായത്.
● ചങ്ങനാശ്ശേരി പോലീസിലും ഇയാള്‍ക്കെതിരെ കേസ്.
തിരുവനന്തപുരം: (KVARTHA) ഗര്‍ഭിണിയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരില്‍ ഭര്‍ത്താവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതി അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി ലിജു (Liju) ആണ് വര്‍ക്കല പൊലീസിന്റെ പിടിയിലായത്. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ നടന്ന സംഭവത്തില്‍ നഗരൂര്‍ സ്വദേശി അക്ബര്‍ ഷാ(Akbar Shah)ക്കാണ് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നത്.
പൊലീസ് പറയുന്നത്: കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഗര്‍ഭിണിയായ ഭാര്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യയെയും കൊണ്ടാണ് അക്ബര്‍ ഷാ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിയത്. യുവതിയെ അവിടെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഈ സമയം, കയ്യില്‍ മുറിവേറ്റ നിലയില്‍ ആശുപത്രിയിലെത്തിയ ലിജു, ജീവനക്കാരുമായി വഴക്കിടുകയും സമീപത്തുണ്ടായിരുന്ന അക്ബര്‍ ഷായുടെ ഭാര്യയേയും ചീത്ത വിളിക്കുകയായിരുന്നു. ഇത് അക്ബര്‍ ഷാ ചോദിച്ചതിന്റെ വൈരാഗ്യത്തിലാണ് ലിജു ഉപദ്രവിച്ചത്.
പുറത്തേക്ക് പോയ ലിജു പിന്നീട് കയ്യില്‍ കത്രിക പോലെയുള്ള ആയുധവുമായി തിരികെയെത്തി അക്ബര്‍ഷായുടെ നെഞ്ചിലും കയ്യിലും കുത്തുകയായിരുന്നു. ആക്രമണത്തില്‍ അക്ബര്‍ ഷായുടെ ശ്വാസകോശത്തിന് മുറിവേറ്റ് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
സംഭവത്തിനുശേഷം ആശുപത്രിയില്‍നിന്നും കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ ആശുപത്രി ജീവനക്കാരും സമീപവാസികളും കൂടി തടഞ്ഞ് നിര്‍ത്തി പൊലീസിന് കൈമാറുകയായിരുന്നു. വര്‍ക്കലയിലെ ക്ഷേത്രം റോഡിലെ ഒരു ഹോട്ടലിലെ ജീവനക്കാരനാണ് പ്രതി. ഇയാള്‍ക്കെതിരെ ചങ്ങനാശ്ശേരി പോലീസിലും കേസുണ്ട്.
#attack #hospital #Thiruvananthapuram #Kerala #crime #assault #pregnantwoman