Arrest | ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് വയോധികനെ ആക്രമിച്ചതായി പരാതി; 41 കാരന്‍ അറസ്റ്റില്‍
● കടപ്ര ഗ്രാമ പഞ്ചായത്ത് പരിധിയിലെ എബി മാത്യുവാണ് പിടിയിലായത്.
● കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പത്തനംതിട്ട: (KVARTHA) തിരുവല്ലയില്‍ (Thiruvalla) ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് വയോധികനെ ആക്രമിച്ചതായി പരാതി. സംഭവത്തില്‍ കടപ്ര (Kadapra) ഗ്രാമ പഞ്ചായത്ത് പരിധിയിലെ എബി മാത്യു(Aby mathew-41)വിനെ പൊലീസ് അറസ്റ്റ് ചെയ്തു. റിട്ടയേഡ് പ്രൊഫസറായ മാവേലിക്കര കല്ലുപ്പുറത്ത് കൊട്ടാരത്തില്‍ ആന്റണി ജോര്‍ജ് (Antony George-62) ആണ് ആക്രമണത്തിനിരയായത്.
പൊലീസ് പറയുന്നത്: ആന്റണി ജോര്‍ജിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി മൂക്കിന്റെ അസ്ഥി ഇടിച്ച് തകര്‍ത്തെന്നാണ് കേസ്. പുളിക്കീഴ് ബ്ലോക്ക് ഓഫീസിന് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മാവേലിക്കരയില്‍ നിന്നും തിരുവല്ലയിലേക്ക് കാര്‍ ഓടിച്ചു വരികയായിരുന്നു ആന്റണി ജോര്‍ജ്. പിന്നാലെ ബൈക്കിലെത്തിയ പ്രതി തനിക്ക് കടന്നുപോകാന്‍ സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞ് ക്ഷുഭിതനായി കാര്‍ തടയുകയും അസഭ്യം വിളിച്ച് ഇടി വള ഉപയോഗിച്ച് മുഖത്ത് ഇടിക്കുകയുമായിരുന്നു.
ആക്രമണത്തില്‍ ആന്റണിയുടെ മൂക്കിന്റെ പാലത്തിന് പൊട്ടലും കണ്ണിന് താഴെ മുറിവും ഉണ്ടായി. സിസിടിവികള്‍ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയില്‍ എസ് ഐ മാരായ കെ സുരേന്ദ്രന്‍, കുരുവിള സക്കറിയ, എ എസ് ഐ രാജേഷ്, സി പി ഒ മാരായ സുധീപ്, സുജിത്ത്, രഞ്ചു, രജീഷ് ആര്‍, കണ്‍ട്രോള്‍ റൂം സിപിഒ ആനന്ദ് വി ആര്‍ നായര്‍, പുളിക്കീഴ് സ്റ്റേഷന്‍ സൈബര്‍ വാളണ്ടിയര്‍ ഗിരീഷ് ഹരിദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
#Kerala #roadrage #assault #arrest #Thiruvalla #seniorcitizen #crime #CCTV