Booked | നടന്‍മാര്‍ക്കെതിരെ കുരുക്ക് മുറുകുന്നു; നടിയുടെ ലൈംഗിക പീഡന പരാതിയില്‍ മുകേഷിനെതിരെയും ജയസൂര്യക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്
കൊച്ചി മരട് പോലീസാണ് മുകേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്.
കൊച്ചി: (KVARTHA) ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് (Hema Committee Report) പുറത്തുവന്നതിന് പിന്നാലെ നടന്‍മാര്‍ക്കെതിരെ കുരുക്ക് മുറുകുന്നു. നടിയുടെ ലൈംഗിക പീഡന പരാതിയില്‍ മുകേഷിനെതിരെയും (Mukesh) ജയസൂര്യക്കെതിരെയും (Jayasurya) ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു (Booked). അമ്മയില്‍ അംഗത്വവും സിനിമയില്‍ ചാന്‍സും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുകേഷ് എംഎല്‍എക്കെതിരെ കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കല്‍, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകള്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്. നടിയുടെ പരാതിയില്‍ മുകേഷിനെതിരെ കേസെടുത്ത സാഹര്യത്തില്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് സിപിഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടു.
നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ നടന്‍ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ പി സി 354, 354 അ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.
ഇവരെ കൂടാതെ മണിയന്‍പിള്ള രാജു, ഇടവേള ബാബു, കോണ്‍ഗ്രസ് നേതാവ് അഡ്വ.വി.എസ്.ചന്ദ്രശേഖരന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇതില്‍ ജയസൂര്യ ഒഴികെയുള്ള മറ്റുളളവര്‍ക്കെതിരെ കൊച്ചിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.
#MalayalamCinema #MeToo #JusticeForSurvivors #IndianCinema