Verdict | അശ്വിനി കുമാര്‍ വധം: മൂന്നാം പ്രതിയായ എന്‍ഡിഎഫുകാരന് ജീവപര്യന്തവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു
● 13 പേരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടിരുന്നു.
● എന്‍ഡിഎഫ് പ്രവര്‍ത്തകരായിരുന്നു പ്രതികള്‍.
● പ്രതികാര കൊലപാതകമായിരുന്നുവെന്ന് പൊലീസ്.
തലശ്ശേരി: (KVARTHA) ആര്‍എസ്എസ് നേതാവും ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വീനറുമായിരുന്ന ഇരിട്ടി പുന്നാട് കീഴൂരിലെ അശ്വിനികുമാറിനെ (27) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നാംപ്രതി ചാവശ്ശേരി ഗ്രാമ പഞ്ചായത്ത് പരിധിയിലെ എം വി മര്‍ഷൂക്കിന് (39) ജീവപര്യന്തം തടവിനും അര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(1)യാണ് വിധി പറഞ്ഞത്.
എന്‍ഡിഎഫ് പ്രവര്‍ത്തകരായിരുന്ന പ്രതികളില്‍ 13 പേരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടിരുന്നു. 2005 മാര്‍ച് 10-നാണ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന അശ്വിനികുമാറിനെ ഇരിട്ടി പയഞ്ചേരിമുക്കില്‍ കുത്തിക്കൊലപ്പെടുത്തിയത്. ജീപിലെത്തിയ പ്രതികള്‍ ബസ് തടഞ്ഞാണ് കൊല നടത്തിയത്.
ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖും ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വീനറുമായിരുന്നു അശ്വിനികുമാര്‍. പുന്നാട്ടെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്.
കേസില്‍ വെറുതെവിട്ടവരില്‍ യാക്കൂബ്, കരാട്ടെ ബശീര്‍ എന്നിവര്‍ സിപിഎം പ്രവര്‍ത്തകന്‍ ദിലീപന്‍ വധക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. ഒന്നാം പ്രതി അസീസിനെ നാറാത്ത് ആയുധപരിശീലനകേസില്‍ എന്‍ഐഎ കോടതിയും എട്ടാം പ്രതി ശെമീറിനെ മയക്കുമരുന്ന് ലഹരികേസില്‍ വടകര കോടതിയും ശിക്ഷിച്ചിരുന്നു.
പാരലല്‍ കോളജ് അധ്യാപകനായിരുന്ന അശ്വിനികുമാറിന്റെ കൊലപാതകത്തെത്തുടര്‍ന്ന് ഇരിട്ടി പുന്നാട് മേഖലയില്‍ വ്യാപക അക്രമവും കൊള്ളയും നടന്നിരുന്നു.
#AswhinikumarMurderCase #Kerala #RSS #NDF #justice #courtverdict #politicalviolence