POCSO Case | പോക്‌സോ കേസ്: നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി


● കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലാണ് ഹാജരായത്.
● പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.
● കഴിഞ്ഞ ജൂണ്‍ എട്ടിനാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്.
● നാലു വയസുകാരിയെ ഉപദ്രവിച്ചുവെന്നാണ് പരാതി.
കോഴിക്കോട്: (KVARTHA) നടനും ടെലിവിഷന്‍ അവതാരകനുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പോക്‌സോ കേസില്‍ പൊലീസിന് മുമ്പാകെ ഹാജരായി. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലാണ് ഹാജരായത്. ആറ് മാസത്തിലേറെ നീണ്ട ഒളിവ് ജീവിതത്തിനുശേഷമാണ് പൊലീസിന് മുന്നിലെത്തിയത്. ഒളിവില്‍ പോയ ജയചന്ദ്രനുവേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയിരുന്നു. പൊലീസ് ചോദ്യം ചെയ്യുകയാണ്.
കേസില്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് നേരത്തെ സുപ്രീം കോടതി തടഞ്ഞിരുന്നു. ഫെബ്രുവരി 28 വരെ ജയചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതിയുടെ ഉത്തരവുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നിര്‍ദേശിച്ച് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. നടന്റെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ജസ്റ്റിസ് ബിവി നാഗരത്‌ന അധ്യക്ഷനായ ബെഞ്ച് അറസ്റ്റ് തടഞ്ഞുകൊണ്ട് ഉത്തരവിട്ടത്. അന്വേഷണവുമായി സഹകരിക്കാമെന്നും നടന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണിപ്പോള്‍ നടന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.
പോക്‌സോ കേസ് നിയമം ദുരുപയോഗം ചെയ്തുള്ള കേസാണിതെന്നും പരാതിക്ക് പിന്നില്‍ മറ്റു കാരണങ്ങളുണ്ടെന്നുമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നടന്റെ അഭിഭാഷകരായ ആര്‍ ബസന്ത്, എ കാര്‍ത്തിക് എന്നിവര്‍ വാദിച്ചത്. നേരത്തെ ഹൈക്കോടതിയില്‍ നടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളുകയായിരുന്നു. ഗുരുതരമായ കേസാണെന്നും ജാമ്യം നല്‍കരുതെന്നുമുളള സര്‍ക്കാര്‍ വാദം അംഗീകരിച്ചായിരുന്നു ഹൈക്കോടതി ജാമ്യ ഹര്‍ജി തള്ളികൊണ്ട് ഉത്തരവിട്ടത്. തുടര്‍ന്നാണ് നടന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ എട്ടിനാണ് നഗരപരിധിയിലെ ഒരു വീട്ടില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ നാലു വയസുകാരിയെ ഉപദ്രവിച്ചുവെന്ന പരാതിയില്‍ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്തെങ്കിലും നടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. കേസില്‍ കുട്ടിയില്‍ നിന്ന് പൊലീസ് മൂന്നുതവണ മൊഴിയെടുത്തിരുന്നു.
ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Actor and TV presenter Koottickal Jayachandran appeared before the police in a POCSO case after being in hiding for six months. The Supreme Court had stayed his arrest until February 28. He appeared at the Kozhikode Kasaba police station.
#koottickaljayachandran #pocsocase #kerala