Controversy | കൊടി സുനിയുടെ പരോള്‍ വിവാദമാക്കരുതെന്ന് ആവശ്യപ്പെട്ട് അമ്മയും സഹോദരിയും രംഗത്ത്
● കൊടി സുനിയുടെ അമ്മയും സഹോദരിയും പരോൾ വിവാദത്തിൽ പ്രതികരിച്ചു.
● സുനിയ്ക്ക് പരോൾ ലഭിച്ചത് നിയമപരമാണെന്ന് അവർ വാദിച്ചു.
● മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്നാണ് പരോൾ അനുവദിച്ചതെന്ന് വ്യക്തമാക്കി.
കണ്ണൂര്‍: (KVARTHA) ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയുടെ പരോള്‍ വിവാദമാക്കേണ്ടതില്ലെന്ന് അമ്മ എന്‍ കെ പുഷ്പയും സഹോദരി സുജിനയും പറഞ്ഞു. തലശേരി പ്രസ് ഫോറത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. കഴിഞ്ഞ ആറുവര്‍ഷമായി സുനിക്ക് പരോള്‍ ലഭിച്ചിട്ടില്ല. ഇപ്പോള്‍പരോള്‍ ലഭിച്ചത് നിയമപരമായാണ്. ടി പി കേസിലെ പല പ്രതികള്‍ക്കും നേരത്തെ പരോള്‍ ലഭിച്ചിട്ടുണ്ടെന്നും സുനിയും പരോളിന് അര്‍ഹനാണെന്നും അമ്മയും സഹോദരിയും പറഞ്ഞു.
കൊടി സുനിക്ക് പരോള്‍ നല്‍കിയതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജനും രംഗത്തുവന്നിരുന്നു. ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിക്ക് കഴിഞ്ഞ ദിവസമാണ് പരോള്‍ ലഭിച്ചത്. സുനിയുടെ അമ്മയുടെ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് 30 ദിവസം പരോള്‍ അനുവദിച്ചത്,
ആറു വര്‍ഷത്തിന് ശേഷമാണ് പരോള്‍ ലഭിച്ചത്. പരോള്‍ കിട്ടിയ സുനി ഡിസംബര്‍ 28ന് മലപ്പുറത്തെ തവനൂര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയിരുന്നു. നേരത്തെ പരോള്‍ ലഭിച്ചപ്പോഴെല്ലാം ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനാല്‍ പരോള്‍ നല്‍കരുതെന്നായിരുന്നു പൊലീസ് റിപോര്‍ട്ട്. എന്നാല്‍, ഇതിലെ മനുഷ്യാവകാശ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് അമ്മ അപേക്ഷ നല്‍കിയത്. ഇത് അംഗീകരിച്ചാണ് പരോള്‍ അനുവദിച്ചത്.
#KodiSuni #parole #TPChandrasekharan #Kerala #humanrights #legalissues